'ഈ കളി പോരാ'; ശിഖര്‍ ധവാനോട് രോഹിത്തിനും ബിസിസിഐയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

പവര്‍പ്ലേ പരമാവധി ഉപയോഗപ്പെടുത്താന്‍ ധവാന്‍ ശ്രമിക്കണമെന്നാണ് രോഹിത്തിന്റെ അഭിപ്രായം

രേണുക വേണു| Last Updated: വ്യാഴം, 28 ജൂലൈ 2022 (16:12 IST)

ശിഖര്‍ ധവാന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ ബിസിസിഐയ്ക്കും നായകന്‍ രോഹിത് ശര്‍മയ്ക്കും കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ധവാന്റെ മെല്ലെപ്പോക്കാണ് അതൃപ്തിക്ക് കാരണം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 168 റണ്‍സാണ് ധവാന്‍ നേടിയത്. പക്ഷേ മൂന്ന് കളികളിലും സ്‌ട്രൈക്ക് റേറ്റ് നൂറില്‍ താഴെയാണ്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന ശൈലി ഉണ്ടായിരുന്ന താരമാണ് ധവാന്‍. എന്നാല്‍ ഈയിടെയായി ധവാന്‍ ആ ശൈലി മാറ്റി. ഇത് ഇന്ത്യയുടെ മൊത്തം കളിയേയും ബാധിക്കുമെന്നാണ് രോഹിത് ശര്‍മയുടെ അഭിപ്രായം.

ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന നിലപാടാണ് രോഹിത് ശര്‍മയ്ക്ക്. ഏകദിനവും ട്വന്റി 20 ഫോര്‍മാറ്റ് പോലെ വമ്പന്‍ അടികളുടെ കളിയായി മാറി കഴിഞ്ഞു. അങ്ങനെയുള്ളപ്പോള്‍ നിലയുറപ്പിച്ച ശേഷം റണ്‍സ് കണ്ടെത്താമെന്ന രീതിയില്‍ ധവാന്‍ ബാറ്റ് ചെയ്യുന്നത് ശരിയല്ലെന്നാണ് രോഹിത് പറയുന്നത്. ബിസിസിഐക്കും ഇതേ അഭിപ്രായം തന്നെയാണ്.

പവര്‍പ്ലേ പരമാവധി ഉപയോഗപ്പെടുത്താന്‍ ധവാന്‍ ശ്രമിക്കണമെന്നാണ് രോഹിത്തിന്റെ അഭിപ്രായം. ശൈലി മാറിയില്ലെങ്കില്‍ ഏകദിന ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന സൂചന ബിസിസിഐ ധവാന് നല്‍കിയിട്ടുണ്ട്. ഏകദിന ലോകകപ്പ് വരാനിരിക്കെ ധവാന്റെ ഇനിയുള്ള പ്രകടനം ഏറെ വിലയിരുത്തപ്പെടും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :