രേണുക വേണു|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (11:17 IST)
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം വന്‍ അഴിച്ചുപണികള്‍ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്നോടിയായി യുവനിരയെ സജ്ജമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര നാളെ ആരംഭിക്കും. അതിനു പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയുള്ള പരമ്പരകള്‍. തൊട്ടു പിന്നാലെ ഏഷ്യാ കപ്പും ഒസ്‌ട്രേലിയന്‍ പരമ്പരയും ! ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മാരത്തണ്‍ മത്സരങ്ങളിലേക്കാണ് ഇന്ത്യ കടക്കാന്‍ പോകുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് ഇത് അഗ്നിപരീക്ഷ കൂടിയാണ് !
വിരാട് കോലി, രോഹിത് ശര്‍മ എന്നീ സീനിയര്‍ താരങ്ങളുടെ ഭാവി തുലാസിലാണ്. കഴിവുള്ള ഒരു യുവനിര ഇവര്‍ക്ക് പിന്നില്‍ സജ്ജം. അതുകൊണ്ട് തന്നെ മോശം ഫോമില്‍ തുടര്‍ന്നാല്‍ കോലിയും രോഹിത്തും ട്വന്റി 20 ലോകകപ്പ് കളിക്കില്ല. ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പരമ്പരകളിലെ മത്സരങ്ങള്‍ നിര്‍ണായകമാകുന്നത് അതുകൊണ്ടാണ്. ഐപിഎല്‍ 15-ാം സീസണില്‍ രോഹിത്തും കോലിയും അങ്ങേയറ്റം നിരാശപ്പെടുത്തി. ഈ ഫോമും വെച്ച് ഇരുവരേയും ട്വന്റി 20 ലോകകപ്പിന് കൊണ്ടുപോകുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ഭയം ബിസിസിഐയ്ക്കുണ്ട്.
ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മയായിരിക്കില്ല ഇന്ത്യയെ നയിക്കുകയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ഒരാളെ ട്വന്റി 20 ഫോര്‍മാറ്റില്‍ മാത്രം നായകനാക്കുന്ന കാര്യമാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎല്ലിലെ മോശം ഫോമാണ് രോഹിത്തിന് ഭീഷണിയായിരിക്കുന്നത്. വരാനിരിക്കുന്ന പരമ്പരകളില്‍ ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത് പരാജയപ്പെട്ടാല്‍ താരത്തിന്റെ ഭാവിയെ അത് പ്രതികൂലമായി ബാധിക്കും. 2021 ലെ ട്വന്റി 20 ലോകകപ്പ് പോലെ ഇന്ത്യയുടെ അവസ്ഥ ദയനീയമാകാതിരിക്കാന്‍ എന്ത് മാറ്റങ്ങള്‍ക്കും ബിസിസിഐ തയ്യാറാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് എത്തിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികവില്‍ സെലക്ടര്‍മാര്‍ക്കും ബിസിസിഐയ്ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വലിയ മതിപ്പുണ്ട്.