അഭിറാം മനോഹർ|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (19:08 IST)
ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിലെ അർധസെഞ്ചുറിയോടെ ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യൻ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. പുറത്താക്കാനുള്ള അവസരം പല തവണ നെതർലൻഡ്സ് നഷ്ടപ്പെടുത്തിയെങ്കിലും ഒട്ടും നിറം കുറഞ്ഞതല്ല രോഹിത്തിൻ്റെ ഇന്നിങ്ങ്സ്.
മത്സരത്തിലെ പത്താം ഓവറിൽ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. ഇതോടെ 33 സിക്സറുകൾ നേടിയ ഇന്ത്യൻ താരം യുവരാജ് സിങ്ങിനെ രോഹിത്ത് പിന്നിലാക്കി. ആദ്യ ടി20 ലോകകപ്പിൽ ഒരോവറിലെ ആറ് പന്തിലും സിക്സടിച്ചുകൊണ്ട് യുവി റെക്കോർഡിട്ടിരുന്നു. പിന്നെയും നിരവധി സിക്സുകൾ താരം നേടിയിട്ടുണ്ട്. 24 സിക്സുകൾ നേടിയിട്ടുള്ള വിരാട് കോലിയാണ് ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്ത്.
അതേസമയം ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന നേട്ടം വിൻഡീസ് താരം ക്രിസ് ഗെയ്‌ലിൻ്റെ പേരിലാണ്. 63 സിക്സുകളാണ് താരം ലോകകപ്പിൽ നേടിയിട്ടുള്ളത്.