രേണുക വേണു|
Last Modified തിങ്കള്‍, 10 ഫെബ്രുവരി 2025 (09:19 IST)
Rohit Sharma and Harshit Rana
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെ യുവതാരം ഹര്‍ഷിത് റാണയ്ക്ക് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്‍ നിന്ന് ശകാരം. അനാവശ്യമായി റണ്‍സ് വഴങ്ങിയതാണ് ഇന്ത്യന്‍ നായകനെ പ്രകോപിപ്പിച്ചത്. ഓവര്‍ത്രോയിലൂടെ ഹര്‍ഷിത് റാണ ഫോര്‍ വഴങ്ങിയതിനു പിന്നാലെയാണ് രോഹിത്തിന്റെ ശകാരം.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 32-ാം ഓവറിലായിരുന്നു സംഭവം. ഈ ഓവറില്‍ ഹര്‍ഷിത് എറിഞ്ഞ നാലാം പന്തിനു ശേഷം ഓവര്‍ത്രോയിലൂടെ ഇന്ത്യ നാല് റണ്‍സ് വഴങ്ങുകയായിരുന്നു. ജോസ് ബട്‌ലര്‍ ആയിരുന്നു ഈ സമയത്ത് ക്രീസില്‍. തന്റെ കൈകളിലേക്ക് എത്തിയ പന്ത് റാണ വിക്കറ്റിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ ബട്‌ലര്‍ ഈ സമയത്ത് ക്രീസില്‍ കൃത്യമായി കയറി. റാണയുടെ ത്രോ തടുക്കാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിനും സാധിച്ചില്ല. പന്ത് നേരെ ബൗണ്ടറിയിലേക്ക്. ഇതിനു പിന്നാലെ രോഹിത് കുപിതനായി.
' നിനക്ക് ബുദ്ധിയില്ലേ? തലയ്ക്കകത്ത് എന്താണ്? എന്താണ് നീ കാണിക്കുന്നത്,' രോഹിത് റാണയോടു ചോദിച്ചു. രോഹിത് വഴക്കു പറയുമ്പോള്‍ ചെറിയൊരു ചിരിയോടെ ഒന്നും പ്രതികരിക്കാതെ റാണ നടന്നു പോകുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അതേസമയം കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിനു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 31 പന്തുകള്‍ ശേഷിക്കെ ഇന്ത്യ ജയിച്ചു. നായകന്‍ രോഹിത് ശര്‍മ ഇന്ത്യക്കായി സെഞ്ചുറി നേടി. 90 പന്തില്‍ 12 ഫോറും ഏഴ് സിക്സും സഹിതം 119 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.