ഷമി ബിരിയാണി കഴിച്ചു, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് പിന്നൊന്നും ഓര്‍മ്മയില്ല!

Mohammed Shami, South Africa, Rohit Sharma, മുഹമ്മദ് ഷമി, ദക്ഷിണാഫ്രിക്ക, രോഹിത് ശര്‍മ
അനീഷ് സിബി| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (21:14 IST)
മുഹമ്മദ് ഷമി അങ്ങനെയാണ്. എറിഞ്ഞൊതുക്കുക എന്ന നാടന്‍‌പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിക്കാണിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലും അതാണ് സംഭവിച്ചത്. കളിയുടെ അഞ്ചാം ദിനത്തില്‍ അസാധാരണ മികവോടെ പന്തെറിഞ്ഞ ഷമി ദക്ഷിണാഫ്രിക്കയെ കൂട്ടക്കുരുതി ചെയ്തു.

അഞ്ച് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. അതില്‍ നാലും ക്ലീന്‍ ബൌള്‍ഡ്. സെക്കന്‍ഡ് ഇന്നിംഗ്സ് സ്പെഷ്യലിസ്റ്റ് എന്ന് തനിക്കെന്തുകൊണ്ടാണ് വിളിപ്പേരുള്ളതെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ഷമി. സ്പീഡും കൃത്യതയും സംയോജിപ്പിച്ച ബൌളിംഗിലൂടെയാണ് ഷമി ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്.

എന്തായിരിക്കും ഷമിയുടെ ഈ മാരക ഫോമിന്‍റെ രഹസ്യം? ബിരിയാണി കഴിച്ച ശേഷം ഷമിയുടെ ബൌളിംഗ് സ്റ്റൈല്‍ തന്നെ മാറുമെന്നാണ് തമാശയായി രോഹിത് ശര്‍മ പറഞ്ഞ ഒരു കാര്യം. അങ്ങനെയെങ്കില്‍ ടെസ്റ്റിന്‍റെ അഞ്ചാം ദിവസം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍‌മാര്‍ക്കെതിരെ പന്തെറിയുന്നതിന് മുമ്പ് ഷമി ബിരിയാണി കഴിച്ചിട്ടുണ്ട്, തീര്‍ച്ച!

പഴകിയ പന്തില്‍ അഞ്ചാം ദിവസം പന്തെറിയുന്നതിന്‍റെ ടെക്നിക്ക് അറിയാം എന്നതാണ് ഷമിയെ മറ്റ് ബൌളര്‍മാരില്‍ നിന്ന് വ്യത്യസ്തനാകുന്നത്. പന്തിന്‍റെ വേഗവും ഗതിയും നിയന്ത്രിക്കുന്ന ഷമിയുടെ റിവേഴ്സ് സ്വിംഗ് മാരകമാണ്. ഈ വൈവിധ്യങ്ങള്‍ നേരിടാനാവാതെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്‌മാന്‍‌മാര്‍ തകര്‍ന്നുപോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :