വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (14:17 IST)
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകനായ രോഹിത് ശർമ്മ. തന്റെ പ്രകടനം കൊണ്ട് ബാറ്റിങ് അനായാസമെന്ന് തോന്നിപ്പിയ്ക്കുന്ന താരം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നാലു തവണ കിരീടത്തിലെത്തിച്ച് നായകനെന്ന നിലയിള്ള മികവും കാട്ടി ഹിറ്റ്മാൻ. അതുകൊണ്ടാണ് രോഹിതിന് നായകസ്ഥാനം പങ്കിട്ടു നൽകണം എന്ന ആവശ്യം ശക്തമാകുന്നതും.
വലിയ പ്രതിഫലം പറ്റുന്ന ഇന്ത്യൻ താരമായ രോഹിത് ക്രിക്കറ്റിൽ തന്റെ ആദ്യ കാലത്തെ കുറിച്ച് മനസു തുറന്നിരിയ്ക്കുകയാണ് ഇപ്പോൾ. ട്വിറ്ററിലെ ചോദ്യോത്തര പരിപാടിയിൽ സംസാരിയ്ക്കുമ്പോഴാണ് ക്രിക്കറ്റിലെ ആദ്യ കാലത്തെ കുറിച്ച് രോഹിത് ഓർത്തെടുത്തത്. ക്രിക്കറ്റിൽനിന്നു തനിയ്ക്ക് ലഭിച്ച ആദ്യ പ്രതിഫം 50 രൂപയായിരുന്നു എന്ന് താരം പറയുന്നു. 'കുട്ടിക്കാലത്ത് തെരുവുകളിലായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം വീടിന് അടുത്തുവച്ച് കളിച്ചപ്പോഴായിരുന്നു ക്രിക്കറ്റില്‍ നിന്നുള്ള ആദ്യത്തെ പ്രതിഫലം ലഭിച്ചത്. അതിനെ ശമ്പളമെന്നൊന്നും പറയാനാവില്ല. 50 രൂപയാണ് അന്നു കിട്ടിയത്.
ആ പണംകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വച്ച് വടാ പാവ് വാങ്ങി കഴിച്ചു.' വിരമിച്ച മുന്‍ ബൗളര്‍മാരില്‍ ആര്‍ക്കെതിരേ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യവും സെഷനിൽ എത്തി. ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെതിരെ എന്നായിരുന്നു രോഹിത്തിന്റെ മറുപടി. ഏഴു കോടി വാർഷിക പ്രതിഫലമുള്ള ബിസിസിഐയുടെ എ പ്ലസ് കരാറിലുള്‍പ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളിൽ ഒരാളാണ് രോഹിത്ത്. നായകന് വിരാട് കോഹ്ലി, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഈ കരാറിലുള്ള മറ്റ് രണ്ട് പേര്.