അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2024 (12:12 IST)
ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം വിശ്രമത്തിലായിരുന്ന പേസര്‍ മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും തകര്‍പ്പന്‍ പ്രകടനങ്ങളുമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെങ്കിലും താരത്തിന് ഇതുവരെയും എന്‍സിഎയുടെ ഫിറ്റ്നസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമിക്ക് കളിക്കാവാവുമോ എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ 2 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ ഷമി ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതയെ പറ്റി സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഷമിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്ന് തന്നെയാണ് കിടക്കുന്നതെന്നും എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെ ഷമിയുടെ കാല്‍മുട്ടില്‍ ചെറിയ നീര്ക്കെട്ടുണ്ടായെന്നും ഇത് അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അഡലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ രോഹിത് പറഞ്ഞു.
അദ്ദേഹത്തെ ഇവിടെ പെട്ടെന്ന് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരിക്ക് ഗുരുതരമാകുമോ എന്ന ആശങ്കയാണ് അതിന് കാരണം. ഷമി 100 ശതമാനം ഫിറ്റാണെന്ന് ഉറപ്പ് വരുത്തി വേണം ടീമില്‍ ഉള്‍പ്പെടുത്താന്‍. അദ്ദേഹത്തിന് മുകളില്‍ അമിതഭാരം ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്‍സിഎ സംഘം ഷമിയുടെ എല്ലാ പ്രകടനങ്ങളും വിലയിരുത്തുന്നുണ്ട്. അവര്‍ പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഷമിക്ക് കളിക്കാം. രോഹിത് വ്യക്തമാക്കി.