രേണുക വേണു|
Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (20:01 IST)
Rohit Sharma: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. വെറും 63 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. ഏകദിന ഫോര്‍മാറ്റിലെ 31-ാം സെഞ്ചുറിയാണ് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രോഹിത് സ്വന്തമാക്കിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത് ശര്‍മ സ്വന്തമാക്കി. നാല് ലോകകപ്പുകള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്, ആറ് സെഞ്ചുറി. അഫ്ഗാനിസ്ഥാനെതിരായ സെഞ്ചുറിയോടെ ലോകകപ്പിലെ ഏഴാം സെഞ്ചുറിയാണ് രോഹിത് സ്വന്തമാക്കിയത്. കരിയറിലെ മൂന്നാം ലോകകപ്പിലാണ് രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. അഞ്ച് സെഞ്ചുറികള്‍ വീതം നേടിയ റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവരാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്ത്.
രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തം പേരിലാക്കി. കരീബിയന്‍ താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. 551 ഇന്നിങ്‌സുകളില്‍ നിന്ന് 553 സിക്‌സുകളാണ് ഗെയ്ല്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി നേടിയത്. രോഹിത് ഈ റെക്കോര്‍ഡ് മറികടന്നത് തന്റെ 473-ാം ഇന്നിങ്‌സില്‍ നിന്ന്. രോഹിത്തിന്റെ സിക്‌സുകളുടെ എണ്ണം 555 ആയി.