രേണുക വേണു|
Last Modified ബുധന്‍, 17 ജനുവരി 2024 (20:56 IST)
Rohit Sharma: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 യില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരെല്ലാം വന്ന വേഗത്തില്‍ മടങ്ങിയപ്പോള്‍ ഒരറ്റത്ത് രോഹിത് പാറ പോലെ ഉറച്ചുനിന്നു. ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 69 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം 121 റണ്‍സുമായി രോഹിത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 212 റണ്‍സ് നേടിയിട്ടുണ്ട്.
ഇന്ത്യ ഒരുസമയത്ത് 22/4 എന്ന നിലയില്‍ തകര്‍ന്നതാണ്. എന്നാല്‍ ഒരുവശത്ത് രോഹിത് ഉള്ളത് അഫ്ഗാന്‍ അപായ സൂചനയായി കണ്ടിരുന്നു. റിങ്കു സിങ്ങുമായി ചേര്‍ന്ന് 190 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് ഇന്ത്യക്ക് സമ്മാനിച്ചത്. ആദ്യ രണ്ട് ട്വന്റി 20 കളില്‍ പൂജ്യത്തിനു പുറത്തായ ശേഷമാണ് അതിനെല്ലാം പകരംവീട്ടിയുള്ള രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ചുറി. റിങ്കു സിങ് 39 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 69 റണ്‍സ് നേടി. അവസാന ഓവറിലെ അവസാന മൂന്ന് പന്തുകള്‍ റിങ്കു തുടര്‍ച്ചയായി സിക്‌സര്‍ പറത്തി.