അഭിറാം മനോഹർ|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (13:18 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വമ്പൻ നാഴികകല്ലുകൾ പിന്നിട്ട് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ. ലോക ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടത്തിന് പുറമെ നിരവധി നേട്ടങ്ങളാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.
രഹാനെയ്‌ക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികക്കുന്ന രണ്ടാം ഇന്ത്യൻ താരമായ രോഹിത് ഓപ്പണർ എന്ന നിലയിൽ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സെടുത്ത ആദ്യതാരമാണ്. ഇത് കൂടാതെ ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഓപ്പണർ എന്ന നേട്ടവും രോഹിത് സ്വന്തമാക്കി.വെറും 17 ഇന്നിങ്‌സുകളാണ് 1000 റണ്‍സിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നത്.
നിലവിൽ ലോക ചാംപ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ ആറാംസ്ഥാനത്താണ് രോഹിത്. ഇന്ത്യ ഇംഗ്ലണ്ട് സീരീസിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റ്സ്മാനും രോഹിത് തന്നെയാണ്.