അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (15:03 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഒരു മാസത്തോളം ദീര്‍ഘമായ വിശ്രമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. അടുത്ത മാസം വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ്,ഏകദിന,ടി20 പരമ്പരയിലാകും ഇനി ഇന്ത്യ കളിക്കാനിറങ്ങുന്നത്. താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെതിരെ ടെസ്റ്റിലും ടി20യിലും ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിശ്രമം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനിടെ ഇന്ത്യന്‍ താരം വിരാട് കോലി പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒഴിവുകള്‍ തിരയണോ അതോ മെച്ചപ്പെടാന്‍ നോക്കണോ എന്നായിരുന്നു ജിമ്മില്‍ വര്‍ക്ക് ചെയ്യുന്ന തന്റെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം കോലി ട്വിറ്ററില്‍ കുറിച്ചത്. വിന്‍ഡീസ് പര്യടനത്തില്‍ നിന്നും വിശ്രമം ആവശ്യപെട്ട രോഹിത്തിനെ പരിഹസിക്കാനാണ് കോലി ഇങ്ങനെ കുറിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇതോടെ ട്വിറ്ററില്‍ കോലി ആരാധകരും രോഹിത് ആരാധകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.