അഭിറാം മനോഹർ|
Last Modified വെള്ളി, 19 നവംബര്‍ 2021 (20:57 IST)
ടി20 ലോകകപ്പിൽ ഇത്തവണ ടൂർണമന്റ് ഫേവറേറ്റുകളായി എത്തിയെങ്കിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ടൂർണമെന്റിലെ മോശം പ്രകടനത്തെ തുടർന്ന് ടീമിലെ സീനിയർ താരങ്ങൾക്കെതിരെ വിമർശനം ശക്തമായിരുന്നു.
പ്രധാനമായും വിരാട് കോലിയേയും കെ എല്‍ രാഹുലിനെയും രോഹിത് ശര്‍മയേയുമാണ് ആരാധകര്‍ ലക്ഷ്യം വെച്ചത്. സീനിയര്‍ താരങ്ങളെന്ന നിലയിൽ ഇവർ നിരാശപ്പെടുത്തിയെന്നും യുവതാരങ്ങളായ റുതുരാജ് ഗെയ്ക്ക്വാദ്,ദേവ്ദത്ത് പടിക്കൽ എന്നിവരെ പോലുള്ളവരെ ടീം വളർത്തികൊണ്ടുവരണമെന്നുമാണ് ആരാധകരുടെ ആവശ്യം.
എന്നാൽ സീനിയർ താരങ്ങളായ വിരാട് കോലി,
രോഹിത് ശർമ എന്നിവരാണ് ഇന്ത്യയുടെ നെടുന്തൂണുകളെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഓസീസ് നായകനായ റിക്കി പോണ്ടിങ്. രോഹിത്തിനെയും കോലിയേയും മാറ്റി നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ ആവിഷ്കരിക്കാനാവില്ലെന്നുമാണ് പോണ്ടിങ് അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ നട്ടെല്ല് ഇപ്പോളും ഈ താരങ്ങളാണെന്നും യുവതാരങ്ങൾക്കായി ഇവരെ മാറ്റാൻ സാധിക്കില്ലെന്നുമാണ് പോണ്ടിങ് പറയുന്നത്.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും മികച്ച റെക്കോഡുകളുള്ള ഈ താരങ്ങളെ മാറ്റാനാവില്ല.ലോകകപ്പിന് മുൻപ് തുടർച്ചയായ മത്സരങ്ങളും ബയോ ബബിളിൽ തുടർച്ചയായി കഴിഞ്ഞതുമാണ് ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.