അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ജനുവരി 2023 (15:40 IST)
സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയുമടക്കമുള്ള സീനിയർ താരങ്ങൾ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിതരുമെന്ന് കരുതുന്നുവെങ്കിൽ അങ്ങനെയൊന്ന് നടക്കാൻ പോകുന്നില്ലെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ലോകകപ്പ് ജയിക്കണമെങ്കിൽ കോച്ചും സെലക്ടർമാരും ടീം മാനേജ്മെൻ്റും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് കപിൽ ദേവ് പറഞ്ഞു.
ഇന്ത്യ ലോകകപ്പ് നേടണമെങ്കിൽ വ്യക്തിതാത്പര്യം മാറ്റി വെച്ചുകൊണ്ട് ടീമിൻ്റെ താത്പര്യത്തിന് മുൻതൂക്കം നൽകി കോച്ചും സെലക്ടർമാരും ടീം മാനേജ്മെൻ്റും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. കോലിയും രോഹിത്തും അതുപോലുള്ള മൂന്നോ നാലോ താരങ്ങളോ ചേർന്ന് ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിക്കുമെന്നാണ് കരുതുന്നതെങ്കിൽ അതൊരിക്കലും നടക്കാൻ പോണില്ല. കപിൽ പറഞ്ഞു.
ടീമിൽ തീർച്ചയായും മാച്ച് വിന്നർമാരുണ്ട്. ലോകകപ്പ് നേടാൻ പ്രാപ്തരായവരുണ്ട്. രോഹിത്തും കോലിയുമെല്ലാം അവരുടെ ജോലി ഭംഗിയായി ചെയ്തുകഴിഞ്ഞു. ഇനി യുവതാരങ്ങളാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. കോലിക്കും രോഹിത്തിനും ചുറ്റി കളിക്കുന്നത് ഇന്ത്യ നിർത്തണം. ടീമിന് നിർണായകമാകുന്ന അഞ്ചോ ആറോ കളിക്കാരെ കണ്ടെത്തണം. കോലിയുടെയും രോഹിത്തിൻ്റെയും റോളുകൾ ചെയ്യുന്ന പുതിയ താരങ്ങളെയാണ് ഇന്ത്യയ്ക്ക് വേണ്ടത്. കപിൽദേവ് പറഞ്ഞു.