അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 ഡിസംബര്‍ 2021 (18:41 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ടീമിലേക്ക് ഓൾറൗണ്ടർ റിഷി ധവാന് വിളി വന്നേക്കുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ടൂർണമെന്റിലെ മികച്ച പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ഹാർദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയമെടുക്കും എന്നതിനാൽ പകരമായി ഒരു ഓൾ റൗണ്ടർ താരത്തെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
വെങ്കിടേഷ് അയ്യരിനൊപ്പം റിഷി ധവാനും ടീമിലെത്തുന്നതോടെ ഹാർദിക്കിന്റെ മടങ്ങിവരവിനുള്ള സാധ്യതയെ അത് ബാധിക്കാൻ ഇടയുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് മത്സരത്തില്‍ നിന്ന് 76.33 ബാറ്റിങ് ശരാശരിയില്‍ 458 റണ്‍സും 17 വിക്കറ്റുകളും
റിഷി ധവാൻ നേടിയിരുന്നു.
വെങ്കടേഷ് അയ്യര്‍ 6 മത്സരത്തില്‍ നിന്ന് 63.16 ശരാശരിയില്‍ 379 റണ്‍സും 9 വിക്കറ്റുമാണ് ടൂർണമെന്റിൽ നേടിയത്. 2016ൽ റിഷി ധാവാൻ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായ പരിഗണന താരത്തിന് ലഭിച്ചിരുന്നില്ല. ഐപിഎല്ലിലും താരത്തെ പരിഗണിക്കാത്തത് താരത്തിന്റെ തിരിച്ചുവരവ് വൈകിപ്പിക്കുകയായിരുന്നു.