മുംബൈ|
മെര്‍ലിന്‍ സാമുവല്‍|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (11:54 IST)
എല്ലാ കോണുകളില്‍ നിന്നും ഋഷഭ് പന്തിനെതിരെ വിമര്‍ശനം ഉയരുകയാണ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മുതല്‍ മുഖ്യ സെലക്‍ടര്‍ എം എസ് കെ പ്രസാദ് വരെ രൂക്ഷമായ ഭാഷയിലാണ് യുവതാരത്തിനെതിരെ ശബ്ദിച്ചത്. അവസരങ്ങള്‍ നല്‍കുമ്പോഴും അതൊന്നും വകവയ്‌ക്കാതെ അനാവശ്യ ഷോട്ടിലൂടെ പുറത്താകുന്നതാണ് പന്തിനെതിരെ യുദ്ധകാഹളം മുഴങ്ങാന്‍ കാരണമാകുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പരയിലും നിരാശപ്പെടുത്തിയ പന്തിനെ പ്രോട്ടീസിനെതിരായ ആദ്യ ടെസ്‌റ്റില്‍ നിന്നും ഒഴിവാക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹയാകും പകരം ടീമിലെത്തുക.
പന്തിന് അവസരം നല്‍കുന്നതില്‍ സെലക്‍ടര്‍മാര്‍ക്ക് എതിര്‍പ്പില്ലെങ്കിലും ഇനിയും വിട്ടു വീഴ്‌ച വേണ്ടെന്ന നിലപാടിലാണ് പരിശീലകന്‍ രവിശാസ്‌ത്രിയും കോഹ്‌ലിയും.
ബാറ്റിംഗില്‍ തിളങ്ങാത്തത് പന്തിന്റെ കീപ്പിംഗിന് ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ സ്‌പിന്‍ പിച്ചുകളില്‍ പന്തിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണ്. കൂടാതെ ലോവര്‍- ഓഡറില്‍
റണ്‍സ് കണ്ടെത്താനും സാഹയ്‌ക്കാകുമെന്നും ബി സി സി ഐയിലെ ഉന്നതന്‍ വ്യക്തമാക്കി.
ടെസ്‌റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പന്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് ബിസിസിഐയിലെ ഒരു ഉന്നതന്‍ ദിവസങ്ങള്‍ക്ക് പറഞ്ഞത്. സാഹ ടെസ്‌റ്റ് ടീമില്‍ തുടരുകയും പരിമിത ഓവര്‍ മത്സരങ്ങളില്‍ സഞ്ജു വി സാംസണെ മാനേജ്‌മെന്റും സെലക്‍ടര്‍മാരും പരിഗണിക്കുകയും ചെയ്യും. അതിനിടെ ടെസ്‌റ്റ് പരമ്പരയിൽ ഋഷഭ് പന്തിനു പകരം സാഹയ്‌ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ് ഗുപതയും അഭിപ്രായപ്പെട്ടു.