പന്ത് ടീമിന് ഭാരമാകുമോ? പരിശീലന മത്സരത്തില്‍ സമ്പൂര്‍ണ പരാജയം, ഓസീസ് പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നു !

ആദ്യ പരിശീലന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പന്ത് 16 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് പുറത്തായത്

രേണുക വേണു| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (13:28 IST)

ട്വന്റി 20 ലോകകപ്പിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. ഓസ്ട്രേലിയയിലെ സാഹചര്യം പഠിക്കാന്‍ ആദ്യമെത്തിയ ഇന്ത്യ പരിശീലന മത്സരത്തില്‍ പരുങ്ങുന്ന കാഴ്ചയാണ് ആരാധകര്‍ കാണുന്നത്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസ്ട്രേലിയന്‍ സാഹചര്യത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ പന്ത് കഷ്ടപ്പെടുകയാണ്. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരായ രണ്ട് പരിശീലന മത്സരങ്ങളിലും പന്തിനെ കളിപ്പിച്ചെങ്കിലും താരം സമ്പൂര്‍ണ പരാജയമായിരുന്നു.

ആദ്യ പരിശീലന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പന്ത് 16 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് പുറത്തായത്. ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളും നേരിടാന്‍ കഷ്ടപ്പെടുന്ന പന്തിനെയാണ് ആദ്യ കളിയില്‍ കണ്ടത്. കൂറ്റനടികള്‍ക്ക് ശ്രമിച്ചിരുന്ന പന്ത് ആകെ നേടിയത് ഒരു ഫോര്‍ മാത്രം. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ പന്തിന് സാധിച്ചിരുന്നില്ല.

രണ്ടാം മത്സരത്തിലും പന്ത് നിരാശപ്പെടുത്തി. രണ്ടാം പരിശീലന മത്സരത്തില്‍ 11 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. ഓസ്ട്രേലിയന്‍ സാഹചര്യത്തില്‍ ബാറ്റ് ചെയ്യാന്‍ കഷ്ടപ്പെടുന്ന പന്തിനെയാണ് ഇന്നലെയും കണ്ടത്. ഇതോടെ ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കാണുന്ന പന്തിന്റെ അവസ്ഥ എന്ത് ദാരുണമാണെന്നാണ് ആരാധകരുടെ ചോദ്യം. എന്തുകൊണ്ട് സഞ്ജുവിനെ ടീമിലെടുക്കണമെന്ന് വാദിച്ചു എന്നതിന്റെ മറുപടിയാണ് പന്തിന്റെ മോശം ഇന്നിങ്സുകളെന്നും ആരാധകര്‍ പറയുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :