രേണുക വേണു|
Last Modified വെള്ളി, 16 ജൂണ്‍ 2023 (10:29 IST)
ഏകദിന ലോകകപ്പ് ടീമില്‍ റിഷഭ് പന്ത് ഉണ്ടാകുമെന്ന് ഉറപ്പിച്ച് ബിസിസിഐ. കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത് അതിവേഗമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ പന്ത് ഉറപ്പായും ഇടം പിടിക്കുമെന്നാണ് വിവരം.
ഡിസംബര്‍ 30 നാണ് പന്തിന് കാര്‍ അപകടത്തില്‍ പരുക്കേറ്റത്. ക്രച്ചസിന്റെ സഹായത്തോടെയാണ് പന്ത് നടന്നിരുന്നത്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായാണ് പന്തിനെ കാണപ്പെടുന്നത്. ഫിസിയോ എസ്.രജനികാന്ത് ആണ് പന്തിനെ ചികിത്സിക്കുന്നത്. ഏകദിന ലോകകപ്പിന് മുന്‍പ് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പന്ത് പരിശീലനത്തില്‍ ഏര്‍പ്പെടും.
അതേസമയം, റിഷഭ് പന്തിന്റെ മടങ്ങിവരവ് ഉറപ്പായതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് ടീമില്‍ എത്തുന്ന കാര്യം തുലാസിലാണ്. പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്‌ക്വാഡില്‍ ഇടം നേടിയാല്‍ സഞ്ജുവിനെ ടീമിലെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.