ഐപിഎല്ലിൽ ക്യാപ്റ്റനായി തന്നെ റിഷബ് പന്ത് തിരിച്ചുവരും, പക്ഷേ മുന്നിൽ ഇനിയും കടമ്പകൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2023 (13:36 IST)
നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വരാനിരിക്കുന്ന ഐപിഎല്ലോടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനും ഇന്ത്യന്‍ ടീമിനും തന്നെ വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി തന്നെയാകും റിഷഭ് പന്ത് തിരിച്ചെത്തുക.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പന്ത് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. ബെംഗളുരുഇലെ ദേശീയ അക്കാദമിയില്‍ ചികിത്സയും പരിശീലനവുമായി തുടരുന്ന പന്തിന് ഐപിഎല്ലും, ഏഷ്യാകപ്പും,ലോകകപ്പും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റുകളെല്ലാം നഷ്ടമായിരുന്നു. ഫെബ്രുവരിയോടെ താരം കായികക്ഷമത വീണ്ടെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അതേസമയം ബിസിസിഐ മെഡിക്കല്‍ വിഭാഗത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ പന്തിന് വിക്കറ്റ് കീപ്പറാകാന്‍ സാധിക്കുകയുള്ളു. ഇല്ലെങ്കില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും മാത്രമാകും പത്തിന്റെ ശ്രദ്ധ. ഐപിഎല്ലില്‍ കായികക്ഷമതയും കളിമികവും വീണ്ടെടുക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്കും പന്ത് മടങ്ങിയെത്തും. ഐപിഎല്ലില്‍ 98 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയുമടക്കം 2835 റണ്‍സാണ് പന്തിന്റെ പേരിലുള്ളത്. 33 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറിയോടെ 2271 റണ്‍സും 30 ഏകദിനത്തില്‍ 865 റണ്‍സും 66 രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്നും 987 റണ്‍സും പന്തിന്റെ പേരിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :