രേണുക വേണു|
Last Modified തിങ്കള്‍, 27 നവംബര്‍ 2023 (09:09 IST)
Rinku Singh: മഹേന്ദ്രസിങ് ധോണിക്ക് ശേഷം ഇന്ത്യ അന്വേഷിച്ചു നടന്നിരുന്ന ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്ക് ഒരു വെടിക്കെട്ട് ഫിനിഷറെയാണ്. ഒടുവില്‍ ആ അന്വേഷണം ഫലം കണ്ടിരിക്കുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനങ്ങള്‍ നടത്തി ഇന്ത്യന്‍ ടീമിലേക്ക് എത്തിയ റിങ്കു സിങ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ വെറും ഒന്‍പത് പന്തുകളില്‍ നിന്ന് 31 റണ്‍സാണ് റിങ്കു അടിച്ചുകൂട്ടിയത്. ഒന്നാം ട്വന്റി 20 യില്‍ 14 പന്തില്‍ നിന്ന് 22 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചതും റിങ്കു തന്നെ. ഇടംകയ്യന്‍ ബാറ്ററായ റിങ്കു തനിക്ക് ലഭിക്കുന്ന അവസരങ്ങളെല്ലാം വിജയകരമായി വിനിയോഗിക്കുകയാണ്. ഇതുവരെ ഇന്ത്യക്കായി നാല് ട്വന്റി 20 ഇന്നിങ്‌സുകളില്‍ മാത്രമാണ് റിങ്കു ബാറ്റ് ചെയ്തിരിക്കുന്നത്. അതില്‍ മൂന്നെണ്ണത്തിലും പുറത്താകാതെ നിന്നു. അടിച്ചുകൂട്ടിയത് 128 റണ്‍സ് ! നേരിട്ട പന്തുകളുടെ എണ്ണം വെറും 59 !
കടുത്ത ദാരിദ്ര്യത്തിലൂടെയാണ് റിങ്കു സിങ് കടന്നുപോയത്. സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിലാണ് ഉത്തര്‍പ്രദേശുകാരനായ റിങ്കു സിങ്ങിന്റെ ജനനം. വീടുകള്‍ തോറും പാചകവാതക സിലിണ്ടര്‍ എത്തിച്ചാണ് റിങ്കുവിന്റെ അച്ഛന്‍ ഉപജീവനത്തിനു വഴി കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം റിങ്കുവിന്റെ പഠനകാലം അത്ര സുഖകരമായിരുന്നില്ല. ഒന്‍പതാം ക്ലാസില്‍ തോറ്റ റിങ്കു അവിടെവെച്ച് പഠനം നിര്‍ത്തി. അതിനുശേഷം അച്ഛനെ ജോലിയില്‍ സഹായിക്കാന്‍ ഒപ്പംകൂടി.
ഓട്ടോ ഡ്രൈവറായും തൂപ്പുകാരനായും റിങ്കു ജോലി ചെയ്തിട്ടുണ്ട്. ഒന്‍പത് പേരടങ്ങുന്ന കുടുംബമായിരുന്നു റിങ്കുവിന്റേത്. റിങ്കുവിന്റെ സഹോദരന്‍ ഓട്ടോ ഡ്രൈവറായിരുന്നു. സഹോദരനെ സഹായിക്കാന്‍ വേണ്ടി തൂപ്പ് ജോലി ഇല്ലാത്ത സമയത്ത് റിങ്കു ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നു. ഇതിനെല്ലാം ഇടയിലും റിങ്കു ക്രിക്കറ്റ് കളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
ജീവിത പ്രതിസന്ധി മൂലം ക്രിക്കറ്റില്‍ മികച്ച പരിശീലനം നടത്താന്‍ റിങ്കുവിന് അവസരം ലഭിച്ചിട്ടില്ല. മികച്ചൊരു ക്രിക്കറ്റ് കിറ്റ് പോലും താരത്തിനു ഉണ്ടായിരുന്നില്ല. ക്രിക്കറ്റിലെ മികവ് പരിഗണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കുവിനെ സ്വന്തമാക്കുകയായിരുന്നു. അതിനുശേഷം താരത്തിന്റെ ജീവിതം മാറി. 2018 ല്‍ 80 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ സ്വന്തമാക്കിയത്. 2023 ലേക്ക് എത്തിയപ്പോള്‍ 55 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ നിലനിര്‍ത്തിയത്. കൊല്‍ക്കത്തയിലെ മികച്ച പ്രകടനങ്ങള്‍ താരത്തിനു ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.