അഭിറാം മനോഹർ|
Last Modified ഞായര്‍, 22 ഡിസംബര്‍ 2019 (10:45 IST)
ഇന്ത്യയും വിൻഡീസും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് കട്ടക്കിൽ നടക്കാനിരിക്കെ ഇന്ത്യൻ സ്പിന്നർ കുൽദീപിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോഡ്. മത്സരത്തിൽ കുൽദീപിന് ഒരു വിക്കറ്റ് സ്വന്തമാക്കാനായാൽ താരത്തിന് ഏകദിന വിക്കറ്റ് കൊയ്ത്തിൽ സെഞ്ച്വറി തികക്കാം. ഒപ്പം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരമെന്ന നേട്ടവും കുൽദീപിന് സ്വന്തമാകും.
നിലവിൽ ഇന്ത്യൻ പേസറായ മുഹമ്മദ് ഷമിയുടെ പേരിലാണ് ഈ നേട്ടമുള്ളത്. 55 ഏകദിനമത്സരങ്ങളിൽ നിന്നാണ് ഷമി 100 വിക്കറ്റുകൾ തികച്ചത്. കുൽദീപിന്റെയും കരിയറിലെ 55മത് മത്സരമാണ് വിൻഡീസിനെതിരെയുള്ള മത്സരം. ഏകദിനത്തിൽ ഇതുവരെയും 21 ഇന്ത്യൻ താരങ്ങളാണ് 100 വിക്കറ്റ് ക്ലബിലുള്ളത്. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ വിക്കറ്റ് സ്വന്തമാക്കുകയാണെങ്കിൽ 100 വിക്കറ്റ് തികക്കുന്ന എട്ടാമത്തെ മാത്രം സ്പിന്നറാകും കുൽദീപ്. വിൻഡീസിനെതിരായ രണ്ടാം മത്സരത്തിലെ ഹാട്രിക്ക് പ്രകടനത്തോടെ ഏകദിനത്തിൽ രണ്ട് ഹാട്രിക്കുകൾ തികക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും കുൽദീപ് സ്വന്തമാക്കിയിരുന്നു.