ഹാർദ്ദിക്കിൻ്റെ പകരക്കാരനെ കണ്ടെത്താനാവാത്തത് വിനയായി, ഇന്ത്യയ്ക്ക് 2 ലോകകപ്പ് നഷ്ടപ്പെടാനുള്ള കാരണം വിശദമാക്കി രവിശാസ്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജൂലൈ 2022 (13:49 IST)
2011ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകളെങ്കിലും നഷ്ടമാവാൻ കാരണം ഹാർദ്ദിക് പാണ്ഡ്യയുടെ പകരക്കാരനെ കണ്ടെത്താനാകാത്തതാണെന്ന് തുറന്ന് പറഞ്ഞ് രവിശാസ്ത്രി. ടോപ് ഓർഡറിൽ ആദ്യ ആറ് പേരിൽ ബൗൾ ചെയ്യാൻ കഴിയുന്ന ഒരാൾ പോലുമില്ലാത്തതാണ് ഇന്ത്യയ്ക്ക് 2 ലോകകപ്പുകളെങ്കിലും നഷ്ടമാവാൻ കാരണമെന്ന് രവി ശാസ്ത്രി പറഞ്ഞു.

ടോപ് സിക്സിൽ ബൗൾ ചെയ്യാൻ കഴിയുന്നൊരു ഓൾ റൗണ്ടർ വേണമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെ അത്തരമൊരു കളിക്കാരനെ കണ്ടെത്താൻ കഴിയാത്തത് വലിയ പ്രശ്നമായിരുന്നു. അതിന് രണ്ട് ലോകകപ്പുകളെങ്കിലും വിലയായി കൊടുക്കേണ്ടി വന്നു. ശാസ്ത്രി പറഞ്ഞു.

2018ലെ ഏഷ്യാകപ്പിനിടെ പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ പിന്നീട് ടീമിൽ സ്ഥിരസാന്നിധ്യമായിരുന്നില്ല. 2019ലെ ലോകകപ്പിൽ ബൗൾ ചെയ്യാനറിയുന്ന ബാറ്റർ എന്ന പരിഗണനയിൽ വിജയ് ശങ്കറെയാണ് ഇന്ത്യ ടീമിലെടുത്തത്. അംബാട്ടി റായിഡുവിന് പകരക്കാരനായി വിജയ് ശങ്കറെ തിരെഞ്ഞെടുത്തത് ഒട്ടേറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കഴിഞ്ഞ ടി20 ലോകപ്പിൽ ഹാർദ്ദിക് കളിച്ചെങ്കിലും പന്തെറിയാനുള്ള ശാരീരിക ക്ഷമത താരത്തിനുണ്ടായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :