Ravindra Jadeja: എത്ര നല്ല ബൗളറാണെന്ന് പറഞ്ഞിട്ടും കാര്യമില്ല, ഈ പിഴവ് ആദ്യം പരിഹരിക്കണം; ജഡേജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസീസ് താരം മര്‍നസ് ലബുഷാനെ റണ്‍സൊന്നും എടുക്കാതെ നില്‍ക്കുന്ന സമയത്ത് ജഡേജ ബൗള്‍ഡ് ആക്കിയതാണ്

രേണുക വേണു| Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (15:49 IST)

Ravindra Jadeja:
പരുക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനമാണ് നടത്തുന്നത്. ലോകോത്തര ഓള്‍റൗണ്ടര്‍ തന്നെയാണ് താനെന്ന് പ്രകടനത്തിലൂടെ അടിവരയിടുന്നുണ്ട് ജഡേജ. എന്നാല്‍ താരത്തിന്റെ ഒരു പിഴവ് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്‍ഡോര്‍ ടെസ്റ്റിലും ജഡേജ ആ പിഴവ് ആവര്‍ത്തിച്ചു. പിശുക്കില്ലാതെ നോ ബോള്‍ എറിയുന്നതാണ് ജഡേജയുടെ ഭാഗത്തുനിന്ന് സംഭവിക്കുന്ന പിഴവ്. ഇതിന് ടീം ഇന്ത്യ വലിയ വില കൊടുക്കേണ്ടിവരുന്നു.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസീസ് താരം മര്‍നസ് ലബുഷാനെ റണ്‍സൊന്നും എടുക്കാതെ നില്‍ക്കുന്ന സമയത്ത് ജഡേജ ബൗള്‍ഡ് ആക്കിയതാണ്. വിക്കറ്റ് കിട്ടിയതിനു പിന്നാലെ ജഡേജയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം തുടങ്ങി. ലബുഷാനെ ക്രീസില്‍ നിന്ന് മടങ്ങാനും ആരംഭിച്ചു. അപ്പോഴാണ് അത് നോ ബോള്‍ ആയിരുന്നു എന്ന് അറിയുന്നത്. അംപയര്‍ ലബുഷാനെയെ തിരിച്ചുവിളിച്ചു. പിന്നീട് ലബുഷാനെ പുറത്താകുന്നത് വ്യക്തിഗത സ്‌കോര്‍ 31 ല്‍ എത്തിയിട്ടാണ്. പുറത്താക്കിയത് ജഡേജ തന്നെ !

ഒരു സ്പിന്നര്‍ ഇങ്ങനെ നോ ബോള്‍ എറിയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു സ്പിന്നര്‍ക്ക് തുടര്‍ച്ചയായി ഓവര്‍സ്‌റ്റെപ്പ് പ്രശ്‌നം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും തിരുത്തേണ്ട പിഴവാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ജഡേജ ഇതുവരെ എട്ട് നോ ബോള്‍ എറിഞ്ഞു കഴിഞ്ഞു. നാഗ്പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് നോ ബോള്‍, ഡല്‍ഹി ടെസ്റ്റില്‍ ഒരു നോ ബോള്‍, ഇപ്പോള്‍ നടക്കുന്ന ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സ് പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ രണ്ട് നോ ബോള്‍ ! ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ജഡേജ ഇതുവരെ 19 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എറിഞ്ഞ നോ ബോളുകളില്‍ രണ്ട് വിക്കറ്റുകളും ഉണ്ടായിരുന്നു എന്നതാണ് കൗതുകം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :