‘ഒരു മാറ്റവുമില്ല, ഇനിയും ക്ഷമിക്കാനാകില്ല’; പന്തിനെതിരെ ശാസ്‌ത്രി രംഗത്ത്

 ravi shastri , rishabh pant , team india , kohli , ഇന്ത്യന്‍ ടീം , കോഹ്‌ലി , ഋഷഭ് പന്ത് , ധോണി
ധര്‍മ്മശാല| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (13:49 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയായി ടീമിലെത്തിയിട്ടും ശരാശരി പ്രകടനം പോലും പുറത്തെടുക്കാന്‍ കഴിയാത്ത താരമാണ് ഋഷഭ് പന്ത്. വിക്കറ്റിന് പിന്നിലും മുന്നിലും പിഴവുകള്‍ തുടരുകയാണ് യുവതാരം. മികച്ച ഒരു ഇന്നിംഗ്‌സ് ടീം ആവശ്യപ്പെടുമ്പോള്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്താകുന്ന പന്തിന്റെ രീതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ന്യൂ‍സിലന്‍ഡിനെതിരായ ലോകകപ്പ് സെമിയിലും അതാണ് സംഭവിച്ചത്.

പന്തിന്റെ ഉത്തരവാദിത്വമില്ലാത്ത ഈ പ്രകടനത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. വിക്കറ്റ് വലിച്ചെറിയുന്ന ഋഷഭിന്റെ ഈ ബാറ്റിംഗ് ശൈലി ഇനിയും അംഗീകരിക്കാനാകില്ല. ടീം ആവശ്യപ്പെടുന്ന തരത്തില്‍ ബാറ്റ് വീശാന്‍ താരത്തിനാകുന്നില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഋഷഭിന്റെ ബാറ്റിംഗ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി.

നിര്‍ണായക ഘട്ടത്തില്‍ അനാവശ്യ ഷോട്ടിലൂടെ പുറത്താകുമ്പോള്‍ പന്തിന് ഒന്നും സംഭവിക്കില്ല. എന്നാല്‍, ടീമിനെയാകെ ആ പുറത്താകല്‍ ബാധിക്കും. ഗ്രൗണ്ടില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടത്. തിരിച്ചടികള്‍ പലത് നേരിട്ടിട്ടും പന്ത് ഒന്നുകൊണ്ടും പഠിക്കുന്നില്ല.

ക്യാപ്‌റ്റന്‍ ഒരറ്റത്ത് ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയാണ് പന്ത് ചെയ്യേണ്ടത്. ഒരു മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ താരത്തിന്റെ ശൈലി മാറിയേക്കാം. അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ ആണ് താനെന്ന് തെളിയിക്കാന്‍ അങ്ങനെയൊരു ഇന്നിംഗ്‌സ് മതി. ഐപിഎല്‍ മത്സരങ്ങളിലെ പരിചയസമ്പന്നത അതിന് സഹായിക്കുമെന്നും ശാസ്‌ത്രി വ്യക്തമാക്കി.

ധോണിക്ക് പകരം ടീമിലെത്തിയ പന്തില്‍ നിന്നും ടീം കൂടുതല്‍ പ്രതീക്ഷിക്കുമ്പോള്‍ നിരാശ മാത്രമാണ് താരം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്മാരായ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെ പേരുകല്‍ സെലക്റ്റര്‍മാര്‍ ചര്‍ച്ച ചെയ്‌തു തുടങ്ങിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :