പ്ലേയിങ് ഇലവനില്‍ പോലും ഉണ്ടാകില്ല; രഹാനെയെ തള്ളി ബിസിസിഐ !

രേണുക വേണു| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (14:15 IST)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ അജിങ്ക്യ രഹാനെയെ ബഞ്ചില്‍ ഇരുത്താന്‍ ഇന്ത്യ. ടെസ്റ്റ് സ്‌ക്വാഡില്‍ ഉണ്ടെങ്കിലും അജിങ്ക്യ രഹാനെയ്ക്ക് കളിക്കാന്‍ അവസരം നല്‍കില്ല. രഹാനെയെ പ്ലേയിങ് ഇലവനില്‍ ഇറക്കാനുള്ള സാധ്യത പോലും ഇപ്പോള്‍ ഇല്ലെന്ന് ബിസിസിഐയുമായി ഏറ്റവും അടുത്ത ഒരാള്‍ വെളിപ്പെടുത്തി. രഹാനെയുടേത് വളരെ മോശം ഫോമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്ന രഹാനെയെ കൈവിടുന്ന നിലപാടിലേക്കാണ് ബിസിസിഐ പോകുന്നത്. രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ സ്ഥിരമാക്കും.

തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന രഹാനെയ്ക്ക് ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 16 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച രഹാനെയുടെ ശരാശരി വെറും 24.39 ആണ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളുമാണ് രഹാനെ നേടിയത്. 2016 ന് ശേഷമുള്ള 50 ടെസ്റ്റ് മത്സരങ്ങള്‍ എടുത്താല്‍ അതില്‍ 32.73 മാത്രമാണ് രഹാനെയുടെ ശരാശരി. പല നിര്‍ണായക സമയങ്ങളിലും ബാറ്റിങ്ങില്‍ രഹാനെ സമ്പൂര്‍ണമായി പരാജയപ്പെടുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :