രേണുക വേണു|
Last Modified ഞായര്‍, 5 ജൂണ്‍ 2022 (12:26 IST)
2020-21 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ആരാധകര്‍ അത്ര പെട്ടന്നൊന്നും മറക്കില്ല. ഇന്ത്യയും ഓസ്‌ട്രേലിയയും വാശിയോടെ ഏറ്റുമുട്ടിയപ്പോള്‍ ഐതിഹാസികമായി 2-1 ന് പരമ്പര നേടിയത് ഇന്ത്യയാണ്. അതില്‍ തന്നെ ഗാബ ടെസ്റ്റ് ചരിത്രത്തില്‍ ഇടം നേടി. വിരാട് കോലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെയായിരുന്നു ഗാബയില്‍ ഇന്ത്യയെ നയിച്ചത്.
ഗാബയില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി 89 റണ്‍സുമായി കിടിലന്‍ ഇന്നിങ്‌സ് പുറത്തെടുത്തത് റിഷഭ് പന്താണ്. യഥാര്‍ഥത്തില്‍ ഗാബ ടെസ്റ്റില്‍ വിജയമായിരുന്നില്ല അന്നത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ലക്ഷ്യമിട്ടിരുന്നതെന്ന് അന്ന് ടീമിലുണ്ടായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍ വെളിപ്പെടുത്തുന്നു.
ഗാബ ടെസ്റ്റ് സമനിലയില്‍ ആക്കാനായിരുന്നു ശാസ്ത്രിയുടെ പ്ലാന്‍. എന്നാല്‍ പന്തിന്റെ ഇന്നിങ്‌സ് എല്ലാ പ്ലാനും തെറ്റിച്ചു. ജയിക്കാം എന്ന അവസ്ഥയിലേക്ക് കളി മാറുകയായിരുന്നെന്നും അശ്വിന്‍ പറയുന്നു.
' കളി സമനിലയിലാക്കാനായിരുന്നു ശാസ്ത്രി ഉദ്ദേശിച്ചിരുന്നത്. ഞാന്‍ രഹാനെയോട് ചോദിച്ചു. എന്താണ് ഉദ്ദേശിക്കുന്നത്. ജയിക്കാന്‍ നോക്കുന്നുണ്ടോ? പന്ത് നന്നായി കളിക്കുന്നുണ്ട്. നമുക്ക് നോക്കാം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു രഹാനെയുടെ മറുപടി. അപ്പോഴാണ് വാഷിങ്ടണ്‍ സുന്ദര്‍ അതിവേഗം 20 റണ്‍സെടുത്തത്. അവിടെ മുതല്‍ ഞങ്ങളുടെ പ്ലാന്‍ മാറി. സുന്ദറിന്റെ 20-30 റണ്‍സ് വളരെ പ്രധാനപ്പെട്ടതായിരുന്നു. സമനിലയാക്കാമെന്ന് പറഞ്ഞിടത്തു നിന്ന് വിജയത്തിലേക്ക് കളിക്കാന്‍ തുടങ്ങി,' അശ്വിന്‍ പറഞ്ഞു.