രേണുക വേണു|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (20:45 IST)
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അത്ര പെട്ടന്നൊന്നും ക്രിക്കറ്റ് പ്രേമികള്‍ മറക്കില്ല. ലോകകപ്പ് വിജയത്തോളം മധുരമുള്ള പരമ്പര നേട്ടമായിരുന്നു ഓസ്‌ട്രേലിയയില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഈ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ത്യയുടെ ചെറുത്ത് നില്‍പ്പിന്റെ നേര്‍സാക്ഷ്യമായിരുന്നു. തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഹനുമ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും നടത്തിയ ചെറുത്ത് നില്‍പ്പ് വിവരണങ്ങള്‍ക്ക് അപ്പുറമുള്ളതാണ്. രണ്ടാം ഇന്നിങ്‌സില്‍ 407 റണ്‍സ് പിന്തുടരുകയായിരുന്ന ഇന്ത്യയുടെ ടോപ് സ്‌കോറര്‍ റിഷഭ് പന്താണ്. 118 പന്തില്‍ നിന്ന് 97 റണ്‍സുമായാണ് പന്ത് ഈ മത്സരത്തില്‍ പുറത്തായത്. അര്‍ഹിക്കുന്ന സെഞ്ചുറിയാണ് പന്ത് മൂന്ന് റണ്‍സ് അകലെ നഷ്ടമാക്കിയത്. ഇതേ കുറിച്ച് വെളിപ്പെടുത്തുകയാണ് ആ മത്സരത്തില്‍ പന്തിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര.
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ പന്ത് ആക്രമിച്ചു കളിക്കുകയായിരുന്നു. എന്നാല്‍, പന്തിന്റെ വ്യക്തിഗത സ്‌കോര്‍ തൊണ്ണൂറുകളില്‍ എത്തിയപ്പോള്‍ അല്‍പ്പം ശ്രദ്ധിച്ച് വേണം ഇനി ബാറ്റ് ചെയ്യാന്‍ എന്ന് താന്‍ ഉപദേശിച്ചതായി പൂജാര പറയുന്നു. 'പന്ത് നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. പേസിന് ഇത്രയും പിന്തുണയുള്ള പിച്ചില്‍ ബൗളര്‍മാരെ ആക്രമിച്ച് കളിക്കാന്‍ പന്തിന് കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. നല്ല രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ പന്തിനോട് പ്രത്യേകിച്ച് ഒന്നും എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. വ്യക്തിഗത സ്‌കോര്‍ 90 കടന്നപ്പോള്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. ഇനി കുറച്ചുകൂടി ശ്രദ്ധിച്ച് കളിക്കണം എന്ന് ഞാന്‍ പന്തിന് ഉപദേശം നല്‍കി. പക്ഷേ, 97 റണ്‍സില്‍ അദ്ദേഹം ഔട്ടായി,' പൂജാര പറഞ്ഞു.