അഭിറാം മനോഹർ|
Last Modified ബുധന്‍, 20 ഡിസംബര്‍ 2023 (16:23 IST)
ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്നു രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയതില്‍ വലിയ പ്രതിഷേധമാണ് മുംബൈ ആരാധകരില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ 2 സീസണുകളിലായി മുംബൈയില്‍ ഇല്ലാതിരുന്ന ഹാര്‍ദ്ദിക് ഗുജറാത്ത് നായകനായിരുന്ന സമയത്ത് മുംബൈ ഇന്ത്യന്‍സിനെതിരെ നടത്തിയ പരാമര്‍ശങ്ങളും രോഹിത് ടീമിലുണ്ടായിരിക്കെ പുതിയ നായകനെ പ്രഖ്യാപിച്ചതുമാണ് മുംബൈ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഹാര്‍ദ്ദിക് പാണ്ഡ്യ നായകനായി വരുന്നതില്‍ മുംബൈ ടീമിലെ സഹതാരങ്ങള്‍ക്കിടയിലും എതിര്‍പ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് സൂര്യകുമാര്‍ യാദവ്, ബുമ്ര എന്നിവര്‍ തങ്ങളുടെ അസ്വാരസ്യങ്ങള്‍ പ്രകടമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈ നടത്തിയ ഒരു നീക്കത്തെ ഇത്രയും വൈകാരികമായി കണക്കാക്കേണ്ടതില്ലെന്ന് വ്യക്തമക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. ഇത് ടീമിന്റെ പരിവര്‍ത്തനഘട്ടമാണ്. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റുമായും ടീം അംഗങ്ങളുമായും ഞങ്ങള്‍ സംസാരിച്ചു.
ഇത് ക്രിക്കറ്റാണ്. മുംബൈ ഇന്ത്യന്‍സ് ടീം എന്ന നിലയില്‍ കുതിപ്പ് തുടരണം. രോഹിത് എല്ലാവര്‍ക്കും പ്രിയങ്കരനായ താരമാണ്. ഫ്രാഞ്ചൈസിക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ നായകനെന്ന തീരുമാനവുമായി മുംബൈ പോകേണ്ടതുണ്ട്. മാറ്റത്തില്‍ ഇത്രയധികം വൈകാരികമാകേണ്ടതില്ല. ക്യാപ്റ്റന്‍സിയിലെ മാറ്റം നല്ല രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടെന്നാണ് ഞാന്‍ കരുതുന്നത്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളെയൊന്നും ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. അതിനെ പറ്റി ഒന്നും തന്നെ പറയാനില്ല. എല്ലാവരുടെയും വികാരങ്ങളെ മനസ്സിലാക്കുന്നു. എന്നാല്‍ ഇത് മാറ്റത്തിനുള്ള സംയമാണ്. മുന്നോട്ട് പോകാനുള്ള തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.