രേണുക വേണു|
Last Updated:
വ്യാഴം, 23 സെപ്റ്റംബര്‍ 2021 (10:19 IST)
സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് പര്യടനം ഉപേക്ഷിച്ചു നാട്ടിലേക്ക് പോയ ന്യൂസിലന്‍ഡ് ടീമിനായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചത് ലക്ഷങ്ങള്‍. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി 20 മത്സരങ്ങള്‍ക്കുമായാണ് ന്യൂസിലന്‍ഡ് പാക്കിസ്ഥാനിലെത്തിയത്. എന്നാല്‍, ഒരു മത്സരം പോലും കളിക്കാതെ തിരിച്ച് നാട്ടിലേക്ക് വിമാനം കയറുകയും ചെയ്തു.
സുരക്ഷാഭയം ഉള്ളതിനാല്‍ ന്യൂസിലന്‍ഡിനായി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിരുന്നു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പരമ്പര ഉപേക്ഷിച്ച് പോയതോടെ ലക്ഷങ്ങളുടെ ചെലവാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
അഞ്ഞൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ന്യൂസിലന്‍ഡ് താരങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. ഇസ്ലമാബാദില് പാക് ആര്‍മിയും സുരക്ഷയ്ക്കായി അണിനിരന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി ദിവസത്തില്‍ രണ്ട് നേരം ബിരിയാണി നല്‍കിയിരുന്നു എന്നാണ് ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബിരിയാണി നല്കാന് മാത്രം 27 ലക്ഷം രൂപയുടെ ബില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.