Pakistan vs Sri Lanka ODI World Cup Match Result: ലങ്കന്‍ വീര്യത്തെ അടിയറവ് പറയിപ്പിച്ച് റിസ്വാന്‍; പാക്കിസ്ഥാന് ഏഴ് വിക്കറ്റ് ജയം, റെക്കോര്‍ഡ്

സ്‌കോര്‍ ബോര്‍ഡില്‍ 37 റണ്‍സ് ആയപ്പോഴേക്കും പാക്കിസ്ഥാന് രണ്ട് പ്രധാന വിക്കറ്റുകള്‍ നഷ്ടമായതാണ്

രേണുക വേണു| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (22:28 IST)

Pakistan vs Sri Lanka ODI World Cup Match Result: മുഹമ്മദ് റിസ്വാന്റെ ക്ലാസിക് ഇന്നിങ്‌സിന്റെ കരുത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്ത് പാക്കിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സ് വിജയലക്ഷ്യം വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 11 ബോളുകള്‍ ബാക്കിനില്‍ക്കെ പാക്കിസ്ഥാന്‍ മറികടന്നു. ലോകകപ്പിലെ പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് ആണിത്. ഇതുവരെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ 300 റണ്‍സില്‍ കൂടുതല്‍ പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ല.

സ്‌കോര്‍ ബോര്‍ഡില്‍ 37 റണ്‍സ് ആയപ്പോഴേക്കും പാക്കിസ്ഥാന് രണ്ട് പ്രധാന വിക്കറ്റുകള്‍ നഷ്ടമായതാണ്. എന്നാല്‍ പിന്നീട് മുഹമ്മദ് റിസ്വാനും അബ്ദുള്ള ഷഫീക്കും ചേര്‍ന്ന് പാക്കിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. അബ്ദുള്ള ഷഫീഖ് 103 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 113 റണ്‍സ് നേടി. റിസ്വാന്‍ 121 പന്തില്‍ 134 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും മൂന്ന് സിക്‌സും അടങ്ങിയ ഇന്നിങ്‌സാണ് റിസ്വാന്റേത്. സൗദ് ഷക്കീല്‍ 30 പന്തില്‍ 31 റണ്‍സും ഇഫ്തിഖര്‍ അഹമ്മദ് 10 ബോളില്‍ പുറത്താകാതെ 22 റണ്‍സും നേടി.

കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരുടെ സെഞ്ചുറികളാണ് ശ്രീലങ്കയുടെ സ്‌കോര്‍ 300 കടത്തിയത്. അതിശയകരമായ ഫോം തുടരുന്ന കുശാല്‍ മെന്‍ഡിസ് വെറും 77 പന്തില്‍ 122 റണ്‍സ് നേടി. 14 ഫോറും ആറ് സികസും അടങ്ങുന്ന വെടിക്കെട്ട് ഇന്നിങ്സായിരുന്നു മെന്‍ഡിസിന്റേത്. സമരവിക്രമ 89 പന്തില്‍ 11 ഫോറും രണ്ട് സിക്സും സഹിതം 108 റണ്‍സെടുത്തു. പതും നിസങ്ക അര്‍ധ സെഞ്ചുറി (61 പന്തില്‍ 51) നേടി.

പാക്കിസ്ഥാന്റെ പേരുകേട്ട പേസ് നിരയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു മെന്‍ഡിസും സമരവിക്രമയും ചേര്‍ന്ന്. ഹസന്‍ അലി 10 ഓവറില്‍ 71 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഒന്‍പത് ഓവറില്‍ 66 റണ്‍സ് വഴങ്ങിയ ഷഹീന്‍ അഫ്രീദിക്ക് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :