രേണുക വേണു|
Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:19 IST)
ഏഷ്യാ കപ്പിലെ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത് ഒരു വിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടിയത്. പാക്കിസ്ഥാന്‍ 19.2 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇത് മറികടന്നു.
18.5 ഓവറില്‍ 118 റണ്‍സിന് പാക്കിസ്ഥാന്റെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ ജയം അഫ്ഗാനൊപ്പം വരുന്ന അവസ്ഥ. എന്നാല്‍ ഫസല്‍ഹഖ് ഫറൂഖി എറിഞ്ഞ 20-ാം ഓവറില്‍ അഫ്ഗാനിസ്ഥാന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.
തുടര്‍ച്ചയായി രണ്ട് സിക്‌സുകളാണ് ഫറൂഖി ആ ഓവറില്‍ വഴങ്ങിയത്. പാക്കിസ്ഥാന്‍ പേസര്‍ നസീം ഷായാണ് ഫറൂഖിയെ സിക്‌സര്‍ പറത്തിയത്. യോര്‍ക്കര്‍ എറിയാനുള്ള ഫറൂഖിയുടെ ശ്രമം പാളുകയായിരുന്നു. രണ്ട് പന്തുകളും ഫുള്‍ടോസ് ആയി. രണ്ടാമതൊന്ന് ആലോചിക്കാതെ രണ്ട് പന്തുകളും നസീം ഷാ അതിര്‍ത്തി കടത്തി.