ഏഷ്യാകപ്പ് പാകിസ്ഥാനിൽ തന്നെ, ലോകകപ്പ് കളിക്കാൻ പാക് ടീം ഇന്ത്യയിലെത്തും

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (08:09 IST)
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്നോട്ട് വെച്ച ഹൈബ്രിഡ് മോഡല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തലവനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഏഷ്യാകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വെച്ചാകും നടക്കുക. ചൊവ്വാഴ്ച ഏഷ്യാകപ്പിന്റെ വേദിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഇതോടെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ പങ്കെടുക്കും. നേരത്തെ പാകിസ്ഥാന്റെ പങ്കാളിത്തം ഉറപ്പാക്കാനായി ഐസിസി പ്രതിനിധികള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ഏഷ്യാകപ്പ് വിഷയത്തില്‍ ഇന്ത്യ നിലപാടില്‍ മയം വരുത്തിയതോടെയാണ് ലോകകപ്പിലെ പാകിസ്ഥാന്‍ നിലപാടിലും മാറ്റമുണ്ടായിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :