പ്രതിഫലം കൂട്ടി കിട്ടിയെ പറ്റു: പാക് ക്രിക്കറ്റില്‍ പുതിയ പ്രതിസന്ധി

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ജൂലൈ 2023 (19:54 IST)
പാക് ക്രിക്കറ്റില്‍ പുതിയ പ്രതിസന്ധി. പാക് ടീമില്‍ കളിക്കാനായി പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വെച്ച പുതിയ പ്രതിഫല നിര്‍ദേശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പുതിയ കരാറില്‍ ഒപ്പിടാനാവില്ലെന്ന് ചില താരങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് പാക് ടീം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ സാക അഷ്‌റഫുമായി പാക് നായകന്‍ ബാബര്‍ അസം ചര്‍ച്ച നടത്തും.

ചര്‍ച്ചയില്‍ പ്രതിഫലം കൂട്ടിനല്‍കണമെന്ന ആവശ്യം പാക് നായകന്‍ ഉയര്‍ത്തും. താരങ്ങള്‍ക്കും താരങ്ങളുടെ കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിഗണന നല്‍കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ചെയ്യണമെന്നും ഐസിസി ടൂര്‍ണമെന്റുകളിലെ വരുമാനത്തില്‍ നിന്നും ഒരു വിഹിതം കളിക്കാര്‍ക്കും നല്‍കണമെന്നുമുള്ള ആവശ്യങ്ങളാകും കളിക്കാര്‍ ഉന്നയിക്കുക. ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. മറ്റ് പ്രധാന ക്രിക്കറ്റ് ബോര്‍ഡുകളെ അപേക്ഷിച്ച് ചെറിയ വരുമാനമാണ് പാക് താരങ്ങള്‍ക്ക് ലഭിക്കുന്നത്. പാകിസ്ഥാന്‍ സീനിയര്‍ താരങ്ങളുടെയടക്കം കരാറുകള്‍ ജൂണ്‍ 30ന് അവസാനിച്ചതാണെന്നും കരാറില്ലാതെയാണ് താരങ്ങള്‍ നിലവില്‍ ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :