ഞങ്ങളെ പഠിപ്പിക്കാൻ മാത്രം മോണി മോർക്കൽ ആരാണെന്നാണ് പാക് പേസർമാർ ചിന്തിച്ചത്, ഇന്ത്യയിൽ അങ്ങനെയല്ല: മുൻ പാക് താരം

Morne Morkel
അഭിറാം മനോഹർ| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (16:46 IST)
Morne Morkel
ഈയടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ മോണി മോര്‍ക്കല്‍ ജോയിന്‍ ചെയ്തത്. പരിശീലകനായതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മികച്ച ബൗളിംഗ് പ്രകടനമായിരുന്നു മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്.


മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ ഇന്ത്യന്‍ പരിശീലകനായതിന് ശേഷമുള്ള മോണി മോര്‍ക്കലിന്റെ ചിത്രങ്ങളും പാക് പരിശീലകനായിരുന്ന സമയത്തെ താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോണി മോര്‍ക്കലിന്റെ കീഴില്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പാക് ബൗളര്‍മാര്‍ക്കായിരുന്നില്ല. ഇതില്‍ മോണി മോര്‍ക്കല്‍ നിരാശനുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാമ്പില്‍ വളരെ സന്തോഷവാനായാണ് താരത്തെ കാണാനാകുന്നത്.


ഇപ്പോഴിതാ എന്തുകൊണ്ട് പാക് പരിശീലകനായി മോണി മോര്‍ക്കലിന് വിജയിക്കാനായില്ല എന്നത് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് താരമായ ബാസിത് അലി. പാകിസ്ഥാന്‍ ബൗളര്‍മാര്‍ മോണി മോര്‍ക്കലിനെ വേണ്ടത്ര ബഹുമാനിച്ചിരിന്നില്ലെന്നും തങ്ങള്‍ക്ക് കളി പറഞ്ഞുതരാന്‍ മാത്രം ഇവന്‍ ആയോ എന്ന തരത്തിലാണ് പെരുമാറിയതെന്നും ബാസിത് അലി തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.


ഇന്ത്യന്‍ താരങ്ങളുടെയും പാക് താരങ്ങളുടെയും കളിയോടുള്ള മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും ഒരേ എതിരാളികള്‍ക്കെതിരെ കളിച്ചപ്പോള്‍ 2 ടീമും നടത്തിയ വ്യത്യസ്തമായ പ്രകടനം ഇത് കാണിച്ചുതരുന്നുവെന്നും ബാസിത് അലി പറയുന്നു. ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ കളിച്ചപ്പോള്‍ പാകിസ്ഥാന്‍ എപ്പോഴും പിന്നിലായിരുന്നു. എന്നാല്‍ ഇന്ത്യ അങ്ങനെയായിരുന്നില്ല. കളിയോടുള്ള മനോഭാവവും കളിക്കാരുടെ ക്ലാസിന്റെ വ്യത്യാസവുമാണ് ഇത് കാണിക്കുന്നത്. ബാസിത് അലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :