രേണുക വേണു|
Last Modified ഞായര്‍, 24 ഒക്ടോബര്‍ 2021 (20:20 IST)
ടോസിന് മുന്‍പ് തന്നെ ഇന്ത്യയുടെ മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താന്‍ വ്യക്തമായ പദ്ധതികള്‍ പാക്കിസ്ഥാന് തയ്യാറാക്കിയിരുന്നു. പവര്‍പ്ലേയില്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ ഉപയോഗിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു പാക്കിസ്ഥാന് ക്യാംപിന്റെ പ്രധാന പദ്ധതി. ഷഹീന് ഷാ അഫ്രീദിക്കും ഇമാദ് വാസിമിനും ആയിരുന്നു ബൗളിങ് ആക്രമണത്തിന്റെ പ്രധാന ചുമതല. ഇന്ത്യന്‍ സ്കോര്‍ വെറും ആറ് റണ്‍സില്‍ നില്‍ക്കെ രണ്ട് മുന്‍നിര ബാറ്റര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായി.
പാക്കിസ്ഥാന് നായകന് ബാബര്‍ അസം തങ്ങളുടെ തുറുപ്പുചീട്ടായ ഷഹീന് ഷാ അഫ്രീദിയെ ഉപയോഗിച്ചാണ് ഇന്ത്യയുടെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ എന്നിവരെയാണ് ഷഹീന് അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയത്.
ഷഹീന് അഫ്രീദിയെ വളരെ സൂക്ഷിച്ചുവേണം കളിക്കാനെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, രാഹുലും രോഹിത്തും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. രോഹിത് ശര്‍മ എല്‍ബിഡബ്ള്യുവിന് മുന്നില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായി. കെ.എല്‍.രാഹുല്‍ (മൂന്ന്) ബൗള്‍ഡ് ആകുകയായിരുന്നു. നിര്‍ണായകമായ ആദ്യ ഓവറില്‍ ഷഹീന് അഫ്രീദി വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രമാണ്.
ടോസ് ലഭിച്ച പാക്കിസ്ഥാന് നായകന് ബാബര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടോസ് ജയിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു ഇന്ത്യന്‍ ക്യാംപ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ടോസ് നഷ്ടപ്പെട്ടതോടെ കോലി നിരാശനായി. ടോസ് ലഭിക്കുന്നതും നഷ്ടമാകുന്നതും നമ്മുടെ പരിധിയില്‍ ഉള്ള കാര്യമല്ലല്ലോ എന്നാണ് കോലി ടോസിന് ശേഷം പറഞ്ഞത്. തുടക്കത്തിലേ ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്തി പ്രതിസന്ധിയിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാക് നായകന് ബാബര്‍ അസം പറഞ്ഞു.
'ഞങ്ങള്‍ ആദ്യം പന്തെറിയാന്‍ പോകുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. മഞ്ഞും ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് ആദ്യം പന്തെറിയുകയാണ് നല്ലത്. ഞങ്ങള്‍ നന്നായി പരിശീലിച്ചിട്ടുണ്ട്. ഞങ്ങളുടെ തയ്യാറെടുപ്പുകളെ കുറിച്ച് ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എതിര് ടീമിലെ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാന്‍ പാക്കിസ്ഥാന് ബൗളര്‍മാര്‍ക്ക് എപ്പോഴും പ്രത്യേക കഴിവുണ്ട്,' ടോസിനെത്തിയ ബാബര്‍ അസം പറഞ്ഞു. ടോസ് സമയത്ത് പറഞ്ഞ കാര്യങ്ങള്‍ അതേപടി നടപ്പിലാക്കുകയാണ് ബാബര്‍ അസം ചെയ്തത്.