ഓവലില്‍ അഞ്ചാം ദിനം സംഭവിക്കാനിരിക്കുന്നത് വന്‍ ട്വിസ്റ്റ് ! പിച്ചിന്റെ സ്വഭാവം മാറി, വിജയത്തിലേക്ക് ബാറ്റ് വീശാന്‍ ഇംഗ്ലണ്ടിന് റൂട്ടിന്റെ ഉപദേശം

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (10:06 IST)

ഇനി 90 ഓവര്‍ കൂടി, കൈയില്‍ പത്ത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് അടിച്ചെടുക്കാനുള്ളത് 291 റണ്‍സ് ! ഓവല്‍ ടെസ്റ്റ് അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും നെഞ്ചിടിന്റെ മണിക്കൂറുകള്‍. 368 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 77 റണ്‍സെടുത്തിട്ടുണ്ട്. 85 പന്തില്‍ 43 റണ്‍സുമായി ഹസീബ് ഹമീദും 109 പന്തില്‍ 31 റണ്‍സുമായി റോറി ബേണ്‍സുമാണ് ക്രീസില്‍.

അവസാന ദിനമായ ഇന്ന് ആദ്യ സെഷന്‍ നിര്‍ണായകമായിരിക്കും. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകളെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ കളി ഇന്ത്യയുടെ വരുതിയിലാകും. എന്നാല്‍, നാലാം ദിനം മുതല്‍ പിച്ച് ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമായി. പേസര്‍മാരേക്കാള്‍ സ്പിന്നിനെ തുണയ്ക്കുന്ന സ്വഭാവമാണ് പിച്ചിന് ഇപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ സ്പിന്നറായി ഉള്ളത്. രവിചന്ദ്രന്‍ അശ്വിനെ പോലെ അനുഭവ സമ്പത്തുള്ള സ്പിന്നറുടെ അഭാവം അഞ്ചാം ദിനം ഇന്ത്യ നേരിടുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. പന്തിന് മികച്ച ടേണ്‍ ലഭിക്കുന്നതാണ് നിലവിലെ അവസ്ഥ.

ഇന്ത്യയിലെ സ്പിന്നറുടെ അഭാവം മുതലെടുക്കാന്‍ ഇംഗ്ലണ്ട് ശ്രമിക്കും. ആദ്യ സെഷനില്‍ കൂടുതല്‍ ശ്രദ്ധയോടെ കളിച്ച് രണ്ടും മൂന്നും സെഷനില്‍ ആക്രമിക്കുകയാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ബാറ്റിങ്ങിന് അനുകൂലമായ കാലാവസ്ഥയായതിനാല്‍ സമനിലയല്ല ഇംഗ്ലണ്ടിന്റെ ലക്ഷ്യം. വിജയത്തിലേക്ക് ബാറ്റ് വീശണമെന്നാണ് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ടീം അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് പോകാതെ നില്‍ക്കാന്‍ സാധിച്ചാല്‍ കളി ഇന്ത്യയില്‍ നിന്ന് കൈവിട്ട് പോകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :