അഭിറാം മനോഹർ|
Last Updated:
വ്യാഴം, 30 ജനുവരി 2020 (15:02 IST)
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. നിശ്ചിത ഓവറിൽ സമനിലയിലായതിനെ തുടർന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരം ഹിറ്റ്മാന്റെ തുടർച്ചയായ രണ്ട് സിക്സറുകൾ വഴി ഇന്ത്യ നേടിയെടുക്കുകയായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും രോഹിത്തായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലെ തന്റെ സിക്സറുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് പറയുന്നവരോട് ഹിറ്റ്മാന് വേറെ ചില കാര്യങ്ങൾ പറയാനുണ്ട്. തന്റെ സിക്സറുകളല്ല യഥാർഥത്തിൽ ഇന്ത്യയെ ജയിപ്പിച്ചതെന്നാണ് ഹിറ്റ്മാൻ പറയുന്നത്.
'എന്റെ സിക്സറുകളല്ല ഇന്ത്യക്ക് മത്സരത്തിൽ വിജയം നേടി തന്നത്. സത്യത്തിൽ മത്സരത്തിൽ മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറാണ് നിർണായകമായത്. ഇന്ത്യക്ക് വിജയം നേടി തന്നതും ആ ഓവറാണ് എന്റെ സിക്സറുകളല്ല. 9 റൺസ് പ്രതിരോധിച്ച് ഷമി എറിഞ്ഞ അവസാന ഓവറാണ് വിജയം കൊണ്ടുവന്നത്. മഞ്ഞ് വീഴുന്ന സാഹചര്യത്തില്‍ അതൊട്ടും തന്നെ എളുപ്പമല്ല. കൂടാതെ നിലയുറപ്പിച്ച രണ്ട് കിവീസ് ബാറ്റ്സ്മാൻമാർ ക്രീസിലുണ്ടായിരുന്നു.
വില്യംസൺ 95 റൺസെടുത്ത് മികച്ച ഫോമിൽ ബാറ്റ് വീശുന്നു. മറുഭാഗത്ത് പരിചയ സമ്പന്നനായ റോസ് ടെയ്ലറും. ആ ഓവർ നന്നായെറിഞ്ഞ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും മത്സരം
സൂപ്പർ ഓവർ വരെ നീട്ടുകയും ചെയ്തത് മുഹമ്മദ് ഷമിയാണ്.' -രോഹിത് പറഞ്ഞു
കിവീസിനെതിരായ മത്സരത്തിൽ രോഹിത്തിന്റെ പ്രകടനം പോലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറും. ജയിക്കുവാൻ ഒമ്പത് റൺസ് വേണ്ടിയിരുന്ന കിവികൾക്കായി ക്രീസിൽ നിന്നിരുന്നത് മികച്ച ഫോമിലുള്ള കെയ്ന്‍ വില്ല്യംസണും റോസ് ടെയ്ലറും. ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ സിംഗിളും ഷമി വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ വില്യംസണിനെ പുറത്താക്കികൊണ്ട് ഷമി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. പിന്നീട് അവസാന പന്തില്‍ റോസ് ടെയ്ലറെ ബൗള്‍ഡാക്കിയതോടെ മത്സരം സൂപ്പര്‍ ഓവറിലെക്ക് കടക്കുകയായിരുന്നു.