എന്തുകൊണ്ട് ശാസ്ത്രി? കാരണങ്ങളുണ്ട്; ഇക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടി

Last Modified ശനി, 17 ഓഗസ്റ്റ് 2019 (11:07 IST)
പ്രതീക്ഷിച്ചതു പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്‌ത്രി തുടരുമെന്ന് ഇന്നലെ വൈകിട്ടോടെ ഔദ്യോഗിക അറിയിപ്പ് വന്നു കഴിഞ്ഞു. വലിയ സർപ്രൈസ് ഒന്നും ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. കപില്‍ ദേവിന്റെ കീഴിലുള്ള ഉപദേശക സമിതി ശാസ്ത്രിയെ തന്നെ ഒരിക്കല്‍ക്കൂടി തിരഞ്ഞെടുത്തതിന്റെ കാരണമെന്തെന്നാണ് ഇപ്പോൾ ആരാധകർ അന്വേഷിക്കുന്നത്.

മറ്റ് ആറ് പേരേയും പിന്തള്ളി ഒരിക്കൽ കൂടെ ശാസ്ത്രി തന്നെ കസേരയിൽ ഇരിക്കണമെങ്കിൽ അതിനും മാത്രം മികച്ചതെന്ത് എന്നും ചിലർ ആരായിന്നുണ്ട്. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് ശാസ്‌ത്രിയെ വീണ്ടു തെരഞ്ഞെടുത്തത്.

2021ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് ശാസ്‌ത്രിയുടെ നിയമനം. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ശാസ്‌ത്രി ആണെന്ന് കപില്‍‌ദേവ് വ്യക്തമാക്കി.

കോച്ചിങ് ഫിലോസഫി, കോച്ചിങിലെ അനുഭവസമ്പത്ത്, കോച്ചിങിലെ നേട്ടങ്ങള്‍, ആശയവിനിമയം, ആധുനിക കോച്ചിങ് രീതികളെക്കുറിച്ചുള്ള അറിവ് എന്നിങ്ങനെ അഞ്ചു ഘടകങ്ങളിലും ശാസ്ത്രി ആയിരുന്നു ഒന്നാമത്. ശാസ്ത്രിക്ക് വെല്ലുവിളി ആയത് ഓസ്‌ട്രേലിയയുടെ ടോം മൂഡിയും ന്യൂസിലാന്‍ഡുകാരനായ മൈക്ക് ഹെസ്സനുമായിരുന്നു.

എന്നാൽ, ആശയവിനിമയം, കോച്ചിങിലെ ഇതുവരെയുള്ള നേട്ടങ്ങള്‍ എന്നിവയിൽ ശാസ്ത്രി തന്നെയായിരുന്നു മുന്നിൽ.

ശാസ്‌ത്രിയുടെ കാലാവധിയും വേതനവും ബി സി സി ഐ തീരുമാനിക്കും. പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായി ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയില്‍ നിന്നും അഭിപ്രായം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍ അഭിമുഖത്തില്‍ രണ്ടാമത് എത്തി. ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്‌ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി മൂന്നാം സ്ഥാനത്തായിരുന്നു എന്നും കപില്‍ വ്യക്തമാക്കി.

അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്‍മാറിയതിനാല്‍ അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള രവി ശാസ്ത്രി, സ്കൈപ്പിലൂടെയാണ് അഭിമുഖത്തിൽ പങ്കെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :