മക്കല്ലം ലങ്കയെ അടിച്ചു പരത്തി, ചുരുട്ടിക്കെട്ടി!

ക്രൈസ്റ്റ്ചര്‍ച്ച്| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (18:14 IST)
ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് താരം
ബ്രണ്ടന്‍ മക്കല്ലം അക്ഷരാര്‍ഥത്തില്‍ ലങ്കയേ അടിച്ചു പരത്തി.
ലങ്കന്‍ ബൌളര്‍മാരെ മുഴുവനും തലങ്ങും വിലങ്ങും പായിച്ച് കളം നിറഞ്ഞ് കളിച്ച മക്കല്ലം ടെസ്റ്റില്‍ ഒരു ന്യൂസിലാന്‍ഡ് താരം നേടുന്ന വേഗതയേറിയ സെഞ്ച്വറി എന്ന ബഹുമതിയും സ്വന്തമാക്കി.

മക്കല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് ലങ്കയ്ക്കെതിരെ ആദ്യദിനം അടിച്ചുകൂട്ടിയത് ഏഴിന് 429 റണ്‍സ്. ഇത്രയും വലിയ കൂറ്റന്‍ സ്കോര്‍ ന്യൂസിലാന്‍ഡിന്റെ സ്കോര്‍ബോര്‍ഡില്‍ തികഞ്ഞപ്പോഴും മത്സരത്തില്‍ 10 ഓവര്‍ ബാക്കി! വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ മക്കല്ലത്തിനു തന്നെയാണ് ഇതിന്റെ ക്രെഡിറ്റ്.

എന്നാല്‍ മക്കല്ലത്തിന് കപ്പിനു ചുണ്ടിനും ഇടയ്ക്കാണ് ഈ വര്‍ഷത്തെ മൂന്നാമത്തെ ഇരട്ടസെഞ്ച്വറി നേടാനുള്ള അവസരം നഷ്ടമായത്. കേവലം അഞ്ചു റണ്‍ കൂടി എടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ നേട്ടം കൂടി പിടിച്ചെടുക്കാമായിരുന്നു. വെറും 134 പന്തില്‍നിന്ന് 18 ബൗണ്ടറിയും 11 സിക്സറും ഉള്‍പ്പെടുന്നതായിരുന്നു മക്കല്ലത്തിന്റെ ഇന്നിംഗ്സ്. 74 പന്തുകള്‍ നേരിട്ടപ്പൊഴേക്കും മക്കല്ലത്തിന്റെ വ്യക്തിഗത സ്കോര്‍ നൂറ് കടന്നിരുന്നു.

ഈ മത്സരത്തോടെ ഈ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ കീവീസ് താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് മക്കല്ലം ക്രീസില്‍ നിന്ന് പുറത്തായത്. 80 പന്തില്‍ 85 റണ്‍സെടുത്ത ജെയിംസ് നീഷാമും ബാറ്റിംഗില്‍ തിളങ്ങി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 153 റണ്‍സെടുത്തു. വില്യംസണ്‍ 54 റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി എയ്ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റ് വീഴ്ത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :