അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (13:56 IST)
കാര്യവട്ടത്ത് നാളെ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കമാകുമ്പോൾ ഇന്ത്യൻ താരം
സൂര്യകുമാർ യാദവിനെ കാത്ത് വമ്പൻ റെക്കോർഡുകൾ. നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഒരു സിക്സർ കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡ് സൂര്യയ്ക്ക് സ്വന്തമാക്കാനാവും.
ഈ വർഷം അന്താരാഷ്ട്ര ടി20യിൽ 42 സിക്സാണ് സൂര്യകുമാർ നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷം 42 സിക്സ് നേടിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനൊപ്പമാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ മത്സരത്തിൽ ഓസീസിനെതിരെ 5 സിക്സ് നേടി 41 സിക്സ് നേടിയ മാർട്ടിൻ ഗുപ്റ്റിലിനെ സൂര്യകുമാർ പിന്നിലാക്കിയിരുന്നു.
ഇത് കൂടാതെ മറ്റൊരു വമ്പൻ റെക്കോർഡും സൂര്യകുമാറിനെ കാത്തിരിക്കുന്നുണ്ട്. ഈ വര്‍ഷം അന്താരാഷ്ട്ര ടി20 യില്‍ ഇന്ത്യയ്ക്ക് വേണ്ടി 20 ഇന്നിങ്‌സില്‍ നിന്നും 682 റണ്‍സ് സൂര്യകുമാര്‍ യാദവ് നേടിയിട്ടുണ്ട്. ഇനി ഏഴ് റൺസ് കൂടി നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യയ്ക്ക് സ്വന്തമാക്കാനാവും.2018 ല്‍ 689 റണ്‍സ് നേടിയ ശിഖാര്‍ ധവാനാണ് നിലവില്‍ സൂര്യകുമാര്‍ യാദവിന് മുന്‍പിലുള്ളത്.