വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 4 ജൂണ്‍ 2020 (13:08 IST)
സിഡ്‌നി: ഓസിസ് മുൻ ഇതിഹാസ താരം ഡീൻ ജോൺസ് ഇപ്പോഴത്തെ ഓസ്‌ട്രേലിയൻ ടീം അംഗങ്ങൾക്ക് നൽകിയ മുന്നറിപ്പ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് തരംഗമാവുകയാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും, മുൻ ഇന്ത്യൻ നായകനും ഇതിഹാസ ക്രിക്കറ്ററുമായ എംഎസ് ധോണിയെയും സ്ലഡ്ജ് ചെയ്യാൻ ശ്രമിയ്ക്കരുത് എന്നാണ് ഡീൻ ജോൺസ് മുന്നറിയിപ്പ് നൽകുന്നത്. അവരെ പ്രകോപിതരാക്കിയാൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഡീൻ ജോൺസ് ഓസിസ് ടീമിന് മുന്നറിയിപ്പ് നൽകുന്നു.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഓസീസ് പര്യടനം നടത്താനിരിക്കെയാണ് ജോൺസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ പരമ്പരയില്‍ എന്തുകൊണ്ടാണ് വിരാടിനെതിരെ ഓസീസ് നിശബ്ദരായതെന്ന് ഞാൻ പറയാം. വിവിയന്‍ റിച്ചാര്‍ഡ്‌സ്, ജാവേദ് മിയാന്‍ദാദ്, മാര്‍ട്ടിന്‍ ക്രോ എന്നി താരങ്ങൾക്കെതിരെ കളിച്ചപ്പോഴും ഞങ്ങള്‍ ഇതു തന്നെയാണ് ചെയ്തത്. അതിന് കാരണവുമുണ്ട്. നിങ്ങള്‍ ഒരിക്കലും കരടിയെ അസ്വസ്ഥരാക്കരുത്, അങ്ങനെ ചെയ്താല്‍ അതു നിങ്ങളെ ആക്രമിക്കും. വിരാട് കോഹ്‌ലിയെയും, എംഎസ് ധോണിയെയും അസ്വസ്ഥരാക്കിയാല്‍ അതൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നതിന് തുല്യമാണ്.
കോലിയെയും, ധോണിയെയും പോലുള്ള താരങ്ങളെ സ്ലെഡ്ജ് ചെയ്യുന്നത് അവര്‍ക്കു ഓക്‌സിജന്‍ നല്‍കുന്നതിന് തുല്യമാണ് എന്നാണ് ഞാൻ പറയുക. അവരെ കൂടുതല്‍ പ്രചോദിപ്പിക്കാന്‍ മാത്രമേ സ്ലെഡ്ജിങ് സഹായിക്കൂ. കോഹ്‌ലിയെ സ്ലെഡ് ചെയ്താല്‍ ഐപിഎല്‍ കരാര്‍ നഷ്ടമാവുമെന്നതിനാലാണ് ഓസ്ട്രേലിയൻ താരങ്ങൾ അതിന് മുതിരാത്തത് എന്ന മുൻ ഓസിസ് ക്യാപ്റ്റൻ മൈക്കൾ ക്ലാർക്കിന്റെ ആരോപണം വിഡ്ഢിത്തമാണ് എന്നും ഡീൻ ജോൺസ് പറഞ്ഞു