അഭിറാം മനോഹർ|
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (11:13 IST)
ലോകക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത സഹോദരങ്ങള്‍ ഏറെയാണ്. ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍ പത്താന്‍ സഹോദരന്മാരും പാണ്ഡ്യ സഹോദരന്മാരും ഇത്തരത്തില്‍ മികവ് തെളിയിച്ചവരാണ്. ഈ കൂട്ടത്തിലേക്കാണ് സര്‍ഫറാസ് ഖാനും മുഷീര്‍ ഖാനും തങ്ങളുടെ പേരുകള്‍ എഴുതിചേര്‍ക്കുന്നത്. സീനിയര്‍ ടീമില്‍ ഇതുവരെയും കളിച്ചിട്ടില്ലെങ്കിലും ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതാരമാണ് മുഷീര്‍ ഖാന്‍.
കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ ആഭ്യന്തര ക്രിക്കറ്റിലും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫിയിലുമെല്ലാം മികച്ച പ്രകടനമാണ് 19കാരനായ മുഷീര്‍ ഖാന്‍ കാഴ്ചവെയ്ക്കുന്നത്. സര്‍ഫറാസ് ഖാനെ പോലെ റെഡ് ബോള്‍ ഫോര്‍മാറ്റിലാണ് മുഷീറും തന്റെ മികവ് ഇതിനകം തെളിയിച്ചിട്ടുള്ളത്. ഇന്നലെ ദുലീപ് ട്രോഫി മത്സരത്തില്‍ ഇന്ത്യന്‍ ബി ടീമിനായി സെഞ്ചുറിയുമായി താരം തിളങ്ങിയിരുന്നു.
ഓസ്‌ട്രേലിയന്‍ ഇതിഹാസതാരമായ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് ശൈലിയോട് ഏറെ സാമ്യമുള്ളതാണ് മുഷീറിന്റെ ബാറ്റിംഗ് എന്നതാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. ക്രീസില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടാണ് താരം ബാറ്റ് ചെയ്യുന്നത്. യശ്വസി ജയ്‌സ്വാള്‍, അഭിമന്യൂ ഈശ്വരന്‍,സര്‍ഫറാസ് ഖാന്‍,നിതീഷ് റെഡ്ഡി,വാഷിങ്ങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴായിരുന്നു ഇന്ത്യന്‍ ബിക്ക് രക്ഷകനായി മുഷീര്‍ ഖാന്‍ അവതരിച്ചത്. വൈകാതെ തന്നെ മുഷീറിനെയും സര്‍ഫറാസിനെയും ഒരേ ടീമില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.