അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (12:51 IST)
പ്രഥമ വനിത പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. ഫൈനൽ മത്സരത്തിൽ ഡളി ക്യാപിറ്റസിനെ 7 വിക്കറ്റിന് തകർത്താണ് മുംബൈയുടെ കിരീടനേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന വിക്കറ്റിൽ രാധാ യാദവും ശിഖ പാണ്ഡെയും നടത്തിയ ചെറുത്തുനിൽപ്പാണ് 79 റൺസിന് 9 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്ന ഡൽഹിയെ 100 റൺസ് കടത്തിയത്. ശിഖ പാണ്ഡെയും രാധാ യാദവും 27 റൺസ് വീതം നേടി.
ഡൽഹി ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനിറങ്ങിയ മുംബൈയ്ക്ക് 4 ഓവറിനിടെ 2 വിക്കറ്റുകൾ നഷ്ടമായെങ്കിലും അർധസെഞ്ചുറി നേടിയ നാറ്റ് സ്കീവറുടെയും ഹർമാൻ കൗറിൻ്റെയും പ്രകടനങ്ങൾ ടീമിനെ അനായാസ വിജയത്തിലേക്കെത്തിച്ചു. മൂന്നാം വിക്കറ്റിൽ 109 റൺസാണ് ഇരുവരും നേടിയത്. നാറ്റ് സ്കീവർ 55 പന്തിൽ നിന്നും 60* റൺസും ഹർമൻ കൗർ 39 പന്തിൽ നിന്നും 37 റൺസും നേടി.