ഒടുവില്‍ ഗാംഗുലിയും തള്ളിപ്പറഞ്ഞു; ഐപിഎല്‍ കഴിയുന്നതോടെ ധോണി വീട്ടിലിരിക്കും, ഇനി കോഹ്‌ലി നയിക്കും!

ഇന്ത്യ കണ്ട മികച്ച നായകന്മാരില്‍ ഒരാളാണ് ധോണി- ഗാംഗുലി

 മഹേന്ദ്ര സിംഗ് ധോണി , സൗരവ് ഗാംഗുലി , വിരാട് കോഹ്‌ലി , ടീം ഇന്ത്യ
മുംബൈ| jibin| Last Updated: ചൊവ്വ, 10 മെയ് 2016 (15:50 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ തള്ളി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. 2019ലെ ലോകകപ്പില്‍ ധോണി ടീമിനെ നയിച്ചാല്‍ അത് അത്ഭുതമായിരിക്കും. മഹിയെ പരിഗണിക്കുന്നതിനൊപ്പം വിരാട് കോഹ്‌ലിയെ നായകനാക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഗൗരവകരമായി ആലോചിക്കണമെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യ കണ്ട മികച്ച നായകന്മാരില്‍ ഒരാളാണ് ധോണി. ഈ കാര്യത്തില്‍ തനിക്കോ മറ്റുള്ളവര്‍ക്കോ യാതൊരു സംശയമില്ല.
ധോണി ക്രിക്കറ്റിനോട് വിടപറയണമെന്ന് ഒരിക്കലും ഞാന്‍ പറയില്ല. ഞാന്‍ വ്യക്തമാക്കുന്നത് ഏകദിന, ട്വന്റി-20 ക്രിക്കറ്റില്‍ ധോണി ഇനിയും കളി തുടരണം എന്നു തന്നെയാണ്. എന്നാല്‍ അടുത്ത ലോകകപ്പില്‍ അദ്ദേഹം നായകനായാല്‍ അത് അത്ഭുതപ്പെടുത്തുമെന്ന് മാത്രമാണെന്നും ഗാംഗുലി പറഞ്ഞു.

2019ലെ ലോകകപ്പ് സമയം ആകുമ്പോഴേക്കും എല്ലാ ടീമുകളിലും മാറ്റങ്ങള്‍ ഉണ്ടാകും. നാലോ അഞ്ചോ വര്‍ഷം കൂടി ലോകകപ്പിന് ഉള്ളതിനാല്‍ അത്തരം മാറ്റങ്ങള്‍ സ്വാഭാവികമാണ്. അടുത്ത ലോകകപ്പില്‍
നായക സ്ഥാനത്ത് ധോണിയെ സെലക്ടര്‍മാര്‍ കാണുന്നുണ്ടോ എന്നത് പ്രധാനമായ കാര്യമാണ്. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഇതനുസരിച്ചുള്ള തീരുമാനമാണ് വേണ്ടത്. ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ അത് അത്ഭുതപ്പെടുത്തുന്നതാണെങ്കിലും ധോണി തന്നെ തുടരേണ്ടതുണ്ടെന്നും ഗാംഗുലി പറയുന്നു.

സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന കോഹ്‌ലി മികച്ച താരമാണ്. ടെസ്‌റ്റില്‍ നായകനെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് വിരാട്. ഓരോ മത്സരം കഴിയുന്തോറും കൂടുതല്‍ കരുത്താര്‍ന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. കളത്തിലെ അയാളുടെ അര്‍പ്പണ മനോഭാവം അസൂയപ്പെടുത്തുന്നതാണെന്നും ഗാംഗുലി പറഞ്ഞു.

ഈ ഐപിഎല്‍ സീസണില്‍ ധോണിയുടെ ടീമായ പൂനെ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. നായകനെന്ന നിലയിലും ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും അദ്ദേഹത്തിന് മികച്ച പ്രകടനമോ ടീമിനെ ജയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങളോ നടത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇതേത്തുടര്‍ന്ന് ടീം ഇന്ത്യയുടെ നായകസ്ഥാനം ധോണിയില്‍ നിന്ന് തെറിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :