അഭിറാം മനോഹർ|
Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (12:21 IST)
36 വയസ്സ് കഴിഞ്ഞാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികകാലം തിളങ്ങി നില്ക്കാന് കളിക്കാര്‍ക്ക് സാധിക്കാറില്ല. ചുരുക്കം ചില അപൂര്വ്വതകളുണ്ടെങ്കിലും 36 വയസ് പൊതുവെ വിരമിക്കല്‍ പ്രായമായാണ് ക്രിക്കറ്റില്‍ കണക്കാക്കാറുള്ളത്. ശാരീരിക ക്ഷമത കുറയുന്നതും ടൈമിങ്ങിനെയും മറ്റും പ്രായം ബാധിക്കുന്നതുമെല്ലാം ഇതിന് കാരണങ്ങളാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളി അവസാനിപ്പിച്ച് ആകെ 2 മാസക്കാലം ഐപിഎല്ലില്‍ എത്തുമ്പോള്‍ ഓരോ തവണയും ഈ മനുഷ്യന് സജീവ ക്രിക്കറ്റ് കളിക്കുന്ന താരമല്ലല്ലോ എന്ന അവിശ്വസനീയത നല്‍കുന്നത് പതിവാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം മഹേന്ദ്രസിംഗ് ധോനി.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തന്റെ 42മത് വയസ്സിലാണ് ഡൈവിങ് ക്യാച്ചുകളിലൂടെയും കീപ്പിങ്ങില്‍ പുലര്‍ത്തുന്ന കൃത്യതയുടെയും കാര്യത്തില്‍ ധോനി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്നത്. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ഇത്തവണ ഐപിഎല്‍ കളിക്കുന്ന ധോനി ഗുജറാത്ത് ടൈറ്റന്‍സ് താരമായ വിജയ് ശങ്കറെ പുറത്താക്കാനെടുത്ത പറക്കും ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. മത്സരത്തില്‍ ഡാരില്‍ മിച്ചലെറിഞ്ഞ ഓവറിലാണ് വിജയ് ശങ്കറെ പുറത്താക്കാനായി ധോനി ഡൈവ് ചെയ്തത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ധോനി തെളിയിക്കുന്നതായാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ധോനിയുടെ ഡൈവിങ് ക്യാച്ചിനെ വാഴ്ത്തുന്നത്. 42 വയസ്സിലും ധോനി പുലര്‍ത്തുന്ന ഫിറ്റ്നസ് ഞെട്ടിക്കുന്നതാണെന്നും ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.