അഭിറാം മനോഹർ|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (12:40 IST)
ടി20 ക്രിക്കറ്റിൽ പുതിയ നേട്ടം കുറിച്ച് ചെന്നൈയുടെ മുൻ നായകൻ കൂടിയായ ഇതിഹാസതാരം എംഎസ് ധോനി. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ പോരാട്ടത്തിലെ പ്രകടനത്തോടെ ടി20യിൽ 7000 റൺസ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. കരിയറിൽ ആദ്യമായി നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സർ നേടാനും ഇന്നലെ താരത്തിനായി.
പത്തൊമ്പതാം ഓവറിലെ സിക്‌സറിലൂടെ പത്തൊമ്പതാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ബാറ്ററെന്ന എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ധോനിക്കായി. 36 സിക്‌സുകളാണ് പത്തൊമ്പതാം ഓവറില്‍ ഡിവില്ലിയേഴ്സ് നേടിയിട്ടുള്ളത്. 26 സിക്സ് അടിച്ചിട്ടുള്ള ആന്ദ്രെ റസല്‍, 24 സിക്സ് വീതം അടിച്ചിട്ടുള്ള കെയ്റോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ധോണിക്കും ഡിവില്ലിയേഴ്സിനും പിന്നിലുള്ളത്.
ആന്‍ഡ്ര്യു ടൈ എറിഞ്ഞ ഇരുപതാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി ഇന്നിംഗ്സ് ഫിനിഷ് ചെയ്തതോടെയാണ് കുട്ടിക്രിക്കറ്റിൽ ധോനി 7000 റൺസ് പൂർത്തിയാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ആറാമത്തെ ഇന്ത്യന്‍ ബാറ്ററുമാണ് ധോണി.
10,326 റൺസ് നേടിയ വിരാട് കോലി, 9936 റൺസെടുത്ത രോഹിത് ശര്‍മ്മ, 8818 റൺസ് നേടിയ ശിഖര്‍ ധവാന്‍ 8654 റൺസടിച്ച സുരേഷ് റെയ്ന, 7070 റൺസ് നേടിയ റോബിന്‍, ഉത്തപ്പ എന്നിവരാണ് ട്വന്‍റി 20യിലെ റൺവേട്ടയിൽ ധോണിക്ക് മുന്നിലുള്ള ഇന്ത്യൻ ബാറ്റർമാർ.