അഭിറാം മനോഹർ|
Last Modified വെള്ളി, 16 ജൂലൈ 2021 (19:16 IST)
പാകിസ്ഥാന്റെ ടി20 ടീമിനെതിരെ വിമർശനവുമായി മുൻ
പാകിസ്ഥാൻ സീമർ ആഖിബ് ജാവേദ്. ക്രിക്കറ്റ് കളിക്കാരേക്കാൾ കൂടുതൽ ഗുസ്‌തി താരങ്ങളാണ് പാക് ടീമിലുള്ളതെന്നാണ് ജാവേദിന്റെ വിമർശനം.
എന്താണ് ചെയ്യുന്നതെന്നോ ഏതാണ് തങ്ങളുടെ വഴിയെന്നോ അറിയാത്തവരാണ് ടീമിലേറെയും. ക്രിക്കറ്റ് കളിക്കാരേക്കാൾ കൂടുതൽ ഗുസ്‌തി താരങ്ങളെയാണ് എനിക്ക് കാണാനാവുന്നത്. ഷർജീൽ ഖാൻ,അസം ഖാൻ തുടങ്ങിയ താരങ്ങളുടെ ഫിറ്റ്‌നസിനെയും അഖിബ് ജാവേദ് വിമർശിച്ചു.
ഒരു പൊസിഷനിൽ മാത്രം ഇണങ്ങുന്ന ഒരുപാട് കളിക്കാർ പാകിസ്ഥാൻ ടീമിലുണ്ട്. ഇങ്ങനെയാണോ ടീം മുന്നോട്ട് പോകേണ്ടത് ആഖിബ് ചോദിച്ചു. രാജ്യാന്തര ക്രിക്കറ്റിനാവശ്യമായ ഫിറ്റ്‌നസ് പലതാരങ്ങൾക്കും ഇല്ലെന്നും ജാവേദ് പറയുന്നു. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്ഥാൻ ടീം മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയ ഇംഗ്ലണ്ടുമായി 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നിലും പരാജയപ്പെട്ടിരുന്നു. ഇനി മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാണ് പാകിസ്ഥാന് മുന്നിലുള്ളത്.