രേണുക വേണു|
Last Modified ബുധന്‍, 18 ഡിസംബര്‍ 2024 (08:46 IST)
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ നയിക്കാന്‍ മിച്ചല്‍ സാന്റ്നര്‍. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സാന്റ്നറെ പരിമിത ഓവര്‍ ക്രിക്കറ്റിലെ മുഴുവന്‍ സമയ നായകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കെതിരായി നടക്കാനിരിക്കുന്ന ട്വന്റി 20, ഏകദിന പരമ്പരകളില്‍ ആയിരിക്കും സാന്റ്നര്‍ മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുക്കുക.
ഏകദിനത്തിലും ട്വന്റി 20 യിലും നൂറിലേറെ തവണ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ച താരമാണ് സാന്റ്നര്‍. മാത്രമല്ല താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന നിലയില്‍ 24 ട്വന്റി 20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും സാന്റ്നര്‍ ടീമിനെ നയിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കു ശേഷം പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയാണ് ന്യൂസിലന്‍ഡ് കളിക്കുക.
കുട്ടിയായിരിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ടീമില്‍ കളിക്കുകയായിരുന്നു ലക്ഷ്യം. അതോടൊപ്പം ആ ടീമിനെ നയിക്കാന്‍ കൂടി അവസരം ലഭിക്കുന്നത് വളരെ പ്രധാനപ്പെട്ടതും സന്തോഷമുള്ളതുമായ കാര്യമാണെന്ന് സാന്റ്നര്‍ പ്രതികരിച്ചു. ഇതൊരു വെല്ലുവിളിയാണെന്നും രാജ്യത്തെ നയിക്കുന്നതില്‍ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.