അഭിറാം മനോഹർ|
Last Modified വെള്ളി, 10 ജനുവരി 2025 (17:14 IST)
2025ന്റെ തുടക്കത്തില്‍ തന്നെ ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടായ വാര്‍ത്ത ഇന്ത്യന്‍ സ്പിന്നറായ യൂസ്വേന്ദ്ര ചഹലിന്റെ വിവാഹമോചന വാര്‍ത്തയായിരുന്നു. പങ്കാളിയായ ധനശ്രീ വര്‍മയുമായുള്ള താരത്തിന്റെ ബന്ധം ഉലച്ചിലിലാണെന്നും ഇരുവരും തമ്മില്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്നതായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ മറ്റൊരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യന്‍ താരമായ മനീഷ് പാണ്ഡെയും ഭാര്യ
അശ്രിത ഷെട്ടിയും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. 2019ലായിരുന്നു മോഡലും നടിയുമായ അശ്രിത ഷെട്ടിയെ മനീഷ് പാണ്ഡെ വിവാഹം കഴിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ പൊതുവേദികളില്‍ ഒരുമിച്ച് എത്തിയിരുന്നെങ്കിലും കുറച്ച് കാലമായി ഇരുവരും പരസ്യമായി ഒരുമിച്ച് വരാറില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ മനീഷ് പാണ്ഡെയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അശ്രിത നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡെയും സമാനമായ കാര്യം ചെയ്തിരിക്കുന്നത്.