ഇന്ത്യ–ബംഗ്ലാദേശ് ഡേ–നൈറ്റ് ടെസ്റ്റിൽ കമന്റേറ്ററായി മഹേന്ദ്രസിങ് ധോണി!!

ജോൺ എബ്രഹാം| Last Updated: ബുധന്‍, 6 നവം‌ബര്‍ 2019 (17:02 IST)

വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലദേശ് രണ്ടാം ടെസ്റ്റില്‍ കമന്റേറ്ററായി എത്തിയേക്കുമെന്ന് റിപ്പോർട്ട്. പിങ്ക് ബോൾ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യമത്സരവും ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരവുമായിരിക്കും ഈഡനിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലദേശ്
രണ്ടാം ടെസ്റ്റ് മത്സരം.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ പുതിയ ചരിത്രനിമിഷം മഹാ സംഭവമാക്കാനുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പദ്ധതിയുടെ ഭാഗമായാണ് ധോണി കമന്റേറ്ററായി എത്തുന്നതെന്നാണ് പുതിയ വിവരം. ഈ മാസം 22 മുതല്‍ 26 വരെ നടക്കുന്ന മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോലിക്കും സംഘത്തിനുമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ എല്ലാ ടെസ്റ്റ് നായകന്‍മാരെയും ദേശീയ ഗാനത്തിന് അണിനിരത്താനാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ശ്രമം. അതിനുശേഷം ഓരോ ക്യാപ്റ്റൻമാരും ഊഴം വച്ച് കമന്ററി ബോക്സിൽ അതിഥിയായെത്തുകയും അവരുടെ നായക കാലയളവിലെ ചരിത്ര നിമിഷങ്ങൾ ആരാധകർക്കായി വിവരിക്കുകയും ചെയ്യും.

മത്സരത്തിനായി എല്ലാ മുൻ ക്യാപ്റ്റൻമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് അയച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഈ പദ്ധതിയുടെ ഭാഗമായാണ് ധോണിയെ കമന്റേറ്ററിന്റെ വേഷത്തിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക.


അതേസമയം 2001-ലെ ഓസീസിനെതിരെ ഇന്ത്യ നേടിയ ഈഡന്‍ ടെസ്റ്റിന്റെ ചരിത്ര വിജയം
ആഘോഷിക്കാനും സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പദ്ധതിയുണ്ട്. ഈ വിജയത്തില്‍ പങ്കാളികളായ വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരെ ആദരിക്കാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :