അവനെ വിട്ടുകളഞ്ഞതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്, തുറന്ന് പറഞ്ഞ് ഫ്‌ളെമിങ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മെയ് 2023 (19:26 IST)
ഐപിഎല്ലിന്റെ പതിനാറാം സീസണില്‍ സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു കെകെആറിനെതിരെ നേരിട്ട തോല്‍വി. സ്വന്തം തട്ടകത്തില്‍ ബാറ്റിംഗ് നിര ഒന്നാകെ തകര്‍ന്നടിഞ്ഞതാണ് ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചത്. ഇപ്പോഴിതാ കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ കെകെആര്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിഎസ്‌കെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ്.

വരുണിനെ ചെന്നൈ വിട്ട് കളഞ്ഞത് വലിയ അബദ്ധമായിരുന്നുവെന്ന് ഫ്‌ളെമിങ് പറയുന്നു. ഞങ്ങളോടൊപ്പം നെറ്റ്‌സില്‍ ഒന്നിലധികം വര്‍ഷം പന്തെറിഞ്ഞ താരമാണ് വരുണ്‍. എന്നാല്‍ ലേലത്തിലെത്തിയപ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ അവനെ ടീമിനൊപ്പം കൂട്ടാന്‍ ഞങ്ങള്‍ക്കായില്ല. നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ തന്നെ അവന്റെ പ്രതിഭയെന്തെന്ന് മനസിലാക്കിയതാണ്. അവനായി ലേലത്തില്‍ അല്പം കൂടി ഉയര്‍ന്ന തുക മുടക്കേണ്ടിയതായിരുന്നു. ഫ്‌ളെമിങ് പറഞ്ഞു.

ഈ സീസണില്‍ കെകെആറിനായി 13 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് വരുണ്‍ നേടിയത്. ഇന്ത്യന്‍ ടീമിലേക്ക് മുന്‍പ് തെരെഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്ലും ഐപിഎല്ലിലെ മിന്നും പ്രകടനം ഇന്ത്യന്‍ ജേഴ്‌സിയില്‍ ആവര്‍ത്തിക്കാന്‍ താരത്തിനായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :